എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി

Advertisement

ന്യൂഡൽഹി : വിമാന യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ട ഇൻഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടി തുടങ്ങി കേന്ദ്ര സർക്കാർ. അടിയന്തരമായി ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവ്വീസുകൾ വെട്ടിക്കുറച്ച് മറ്റ് വിമാനകമ്പനികൾക്ക് നൽകാനാണ് സർക്കാർ തീരുമാനം. എയർ ഇന്ത്യ, ആകാസ എന്നീ എയർലൈനുകൾക്ക് ഈ സർവ്വീസുകൾ ഏറ്റെടുക്കാൻ കഴിയുമെങ്കിൽ കൈമാറാനാണ് നീക്കം. ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽ നിന്ന്നീക്കാനും നിർദ്ദേശം നല്കും.

സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്നുവെന്നും യാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു ലോക്സഭയില്‍ പറഞ്ഞു. വ്യോമയാന രംഗത്ത് മികച്ചതും മത്സരാധിഷ്ഠിതവുമായ സാഹചര്യം ഉറപ്പാക്കും. കൂടുതൽ വിമാന കമ്പനികളെ സർക്കാർ പ്രോത്സാഹിപ്പിക്കും. ഇതിലൂടെ കുത്തകവത്ക്കരണം അടക്കം ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കുമെന്നുമാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

സർക്കാരിനെ മുൾമുനയിൽ നിറുത്തി പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളിൽ അടക്കം ഇളവ് വാങ്ങിയെടുത്ത ഇൻഡിഗോയ്ക്കെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് വ്യോമയാനമന്ത്രാലയം നീക്കം. ആഭ്യന്തര വിമാന രംഗത്തെ ഇൻഡിഗോയുടെ കുത്തകയാണ് വിമാന യാത്രാ രംഗത്തെ പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇന്ത്യയ്ക്കകത്തെ അറുപത് ശതമാനം റൂട്ടുകളിൽ ഇൻഡിഗോ മാത്രം സർവ്വീസ് നടത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മറികടക്കാനാണ് പത്തു ശതമാനം സർവ്വീസുകൾ മറ്റു വിമാനങ്ങൾക്ക് കൈമാറാനുള്ള സർക്കാർ നീക്കം. ആദ്യ ഘട്ടമായി അഞ്ചു ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നിർദ്ദേശം സർക്കാർ നൽകി. നാളെ ഇതനുസരിച്ച് പുതുക്കിയ ഷെഡ്യൂൾ ഇൻഡിഗോ നൽകും. ഇൻഡിഗോയിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തരവരുടെ യാത്ര ഷെഡ്യൂളിൽ മാറ്റങ്ങൾ വന്നേക്കാം.

എയർ ഇന്ത്യ, ആകാസ എന്നീ എയർലൈനുകൾക്ക് ഈ സർവ്വീസുകൾ ഏറ്റെടുക്കാൻ കഴിയുമെങ്കിൽ കൈമാറാനാണ് നീക്കം. സർവ്വീസ് നടത്തികൊണ്ടു പോകാൻ ഇൻഡിഗോയ്ക്ക് കഴിയുന്നില്ലെന്ന് വ്യോമയാനമന്ത്രാലയം നല്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. നവംബറിൽ സർക്കാർ അംഗീകരിച്ച സർവ്വീസുകൾ മുഴുവൻ നടത്താൻ ഇൻഡിഗോയ്ക്കായില്ലെന്നും ഉത്തരവ് പറയുന്നു. യാത്രക്കാരെ പ്രതിസന്ധിയിലാക്കാൻ ആരെയും അനുവദിക്കാനാവില്ലെന്ന് വ്യോമയാനമന്ത്രി രാം മോഹൻ നായിഡു ലോക്സഭയിൽ വ്യക്തമാക്കി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here