നഴ്‌സിങ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി

Advertisement

രാജസ്ഥാനിലെ ഖൈര്‍ത്തല്‍-തിജാറ ജില്ലയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. 20 കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഉപേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മഹേന്ദ്രഗഢ് സ്വദേശിയാണ് 21 കാരനായ ഉപേന്ദ്ര കുമാര്‍.

കഴിഞ്ഞ ദിവസം ഉച്ചയോടെ മുണ്ഡാവര്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള വാടകക്കെട്ടിടത്തിലെ മുറിയിലാണ് യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയും പ്രതിയും ഒരേ കെട്ടിടത്തിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.

മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി എന്നാണ് മരിച്ച വിദ്യാര്‍ഥിനിയുടെ പിതാവ് ആരോപിച്ചത്. മരിച്ച യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് മുണ്ഡാവര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാംനിവാസ് മീന അറിയിച്ചു.

സംഭവത്തില്‍ രോഷാകുലരായ പ്രദേശവാസികള്‍ മുണ്ഡാവര്‍ പ്രധാന റോഡ് 30 മിനിറ്റോളം ഉപരോധിച്ചു. പിന്നീട് പൊലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിടികയായിരുന്നു. രാജസ്ഥാനില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നതാണ് ഈ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് ടിക്കറാം ജൂലി പറഞ്ഞു. നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നു. ജനങ്ങള്‍ പ്രക്ഷുബ്ധരാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ കണ്ണും കാതും അടച്ചിട്ടിരിക്കുകയാണ്,’ അദ്ദേഹം ആരോപിച്ചു.

Advertisement