സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമ്മതമില്ലാതെ ഫോണില്‍ ഫോട്ടോയെടുത്തയാള്‍ക്കെതിരെ സ്ത്രീ നല്‍കിയ പരാതിയിലാണ് ജസ്റ്റിസുമാരായ എന്‍ കോടീശ്വര്‍ സിങ്, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം.
സ്വകാര്യകൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത സമയങ്ങളില്‍ ചിത്രമെടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും ഐപിസി സെക്ഷന്‍ 354സിയുടെ പരിധിയില്‍ വരില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. അപമാനിക്കലോ സ്വകാര്യതയുടെ ലംഘനമോ ഹര്‍ജിക്കാരിക്കെതിരെ നടന്നിട്ടില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. 2020 മാര്‍ച്ച് മാസത്തില്‍ കൊല്‍ക്കത്തയിലാണ് കേസിനാസ്പദമായ സംഭവം.
പരാതിക്കാരി സുഹൃത്തിനും ജോലിക്കാര്‍ക്കുമൊപ്പം ഒരു സ്ഥലത്തു പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും പകര്‍ത്തിയെന്നുമാണ് കേസ്. കേസില്‍ 2020 ഓഗസ്റ്റില്‍ പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.






























