ഭാര്യക്ക് ബന്ധുവുമായി അടുപ്പം, വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് ഭര്‍ത്താവ്

Advertisement

കോയമ്പത്തൂര്‍: ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് ഭര്‍ത്താവ്. ഞായറാഴ്ച രാവിലെ കോയമ്പത്തൂര്‍ ഗാന്ധിപുരത്തിന് സമീപമാണ് സംഭവം. രാജാ നായിഡു സ്ട്രീറ്റിലെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലാണ് കൊലപാതകം നടന്നത്. തിരുനെല്‍വേലി സ്വദേശിയായ ബാലമുരുഗ(32)നാണ് ഭാര്യ ശ്രീപ്രിയയെ (30) കൊലപ്പെടുത്തിയത്. അകന്ന ബന്ധുവുമായി ശ്രീപ്രിയയ്ക്ക് അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നും കൃത്യത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
കൊലപ്പെടുത്തിയതിന് ശേഷം പ്രതി മൃതദേഹത്തിനൊപ്പം ചിത്രമെടുത്ത് വാട്സ് ആപ്പില്‍ സ്റ്റാറ്റസ് വെച്ചിരുന്നു. ‘വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം’ എന്നായിരുന്നു ചിത്രത്തോടൊപ്പം ബാലമുരുഗന്‍ കുറിച്ചത്. കുടുംബ പ്രശ്നങ്ങള്‍ കാരണം ബാലമുരുഗനും ശ്രീപ്രിയയും മാസങ്ങളായി അകന്നാണ് കഴിയുന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. ഇവര്‍ ബാലമുരുഗനൊപ്പമാണ്. നഗരത്തിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ശ്രീപ്രിയ ഹോസ്റ്റലില്‍ ആയിരുന്നു താമസം.
ബാലമുരുഗന്റെ അകന്ന ബന്ധുവുമായി ശ്രീപ്രിയക്ക് ബന്ധമുണ്ടെന്നും ഇയാള്‍ക്ക് മൂന്ന് കുട്ടികളുമുണ്ടെന്നാണ് വിവരം. ഇക്കാരണം പറഞ്ഞ് ശ്രീപ്രിയക്കും ബാലമുരുഗനും ഇടയില്‍ വഴക്കും സ്ഥിരമായിരുന്നു. ശനിയാഴ്ച കോയമ്പത്തൂരിലെത്തിയ ബാലമുരുഗന്‍ ശ്രീപ്രിയയെ നേരില്‍ കണ്ട് സംസാരിച്ചു. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും തനിക്കൊപ്പം വരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീപ്രിയ ഭര്‍ത്താവിനൊപ്പം പോകാന്‍ വിസമ്മതിച്ചു. ബാലമുരുഗന്‍ ശ്രീപ്രിയയെ കാണാനെത്തിയെന്ന് യുവാവ് അറിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ ചിത്രം ബാലമുരുഗന് ഇയാള്‍ അയച്ചുകൊടുത്തു.
ഞായറാഴ്ച വീണ്ടും ഹോസ്റ്റലിലെത്തിയ ബാലമുരുഗന്‍ യുവാവ് അയച്ച ചിത്രത്തെ കുറിച്ച് ഭാര്യയോട് ചോദിച്ചു. ഇരുവരും തമ്മില്‍ വാക്കേറ്റമായതോടെ ബാലമുരുഗന്‍ അരിവാള്‍ ഉപയോഗിച്ച് ശ്രീപ്രിയയെ വെട്ടി. രക്തം വാര്‍ന്ന ശ്രീപ്രിയ സംഭവ സ്ഥലത്ത്തന്നെ മരിച്ചു. രക്തത്തില്‍ മരിച്ചുകിടന്നിരുന്ന ശ്രീപ്രിയയുടെ മൃതദേഹത്തിന് അരികെ നിന്ന് ബാലമുരുഗന്‍ സെല്‍ഫി എടുക്കുകയും ചെയ്തു. ഇതാണ് വാട്സ് ആപ്പില്‍ പങ്കുവെച്ചത്. പൊലീസ് എത്തിയപ്പോഴും ഇയാള്‍ മൃതദേഹത്തിനരികെ തുടരുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here