തേജസ് വിമാനാപകടം: ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; പൈലറ്റിന്‍റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും

Advertisement

ദുബൈ വ്യോമ പ്രദർശനത്തിനിടെ ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനം തകർന്നുവീണ സംഭവത്തിൽ അന്വേഷണം തുടങ്ങി വ്യോമസേന. അപകടത്തിന്റെ കാരണം അറിയാൻ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ദുബൈ ഏവിയേഷൻ അധികൃതരുടെ സഹായം വ്യോമസേന തേടിയതായി റിപ്പോർട്ട്.

ഒരു എയർമാർഷലിന്‍റെ നേതൃത്വത്തിലാണ് കോർട്ട് ഓഫ് എൻക്വയറി വ്യോമസേന നടത്തുകയെന്നാണ് വിവരം. ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങുന്നതും പിന്നീട് തീഗോളമായി മാറുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു. സി.സി.ടി.വി അടക്കമുള്ള വിഡിയോകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.

അതേസമയം, അപകടത്തിൽ മരിച്ച വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ നമൻഷ് ശ്യാലിന്‍റെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. വ്യോമ അഭ്യാസത്തിന്‍റെ ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടുകൊണ്ടിരിക്കെയാണ് തേജസ് വിമാനം തകർന്നുവീണ വിവരം മൻഷ് ശ്യാലിന്‍റെ പിതാവ് അറിയുന്നത്.

ദുബൈ ആൽ മക്തൂം വിമാനത്താവളത്തിൽ നടന്ന വ്യോമ പ്രദർശനത്തിനിടെ വെള്ളിയാഴ്ച പ്രാദേശിക സമയം 2.15ഓടെയാണ് ഇന്ത്യയുടെ തേജസ് എം.കെ -1 എ യുദ്ധവിമാനം തകർന്നുവീണത്. വ്യോമ പ്രദർശനത്തിനിടെ ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങി തീഗോളമായി മാറുകയയിരുന്നു.

Advertisement