ബാബാ സിദ്ദീഖിയെ നഗരമധ്യത്തില്‍ വെടിവച്ചുകൊന്ന കേസിന്റെ ആസൂത്രകൻ,  അന്‍മോല്‍ ബിഷ്‌ണോയിയെ യുഎസ് നാടുകടത്തി, ഇന്ത്യയിലെത്തിക്കും

Advertisement

ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനായ അന്‍മോല്‍ ബിഷ്ണോയിയെ യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിക്കും. എന്‍സിപി (അജിത് പവാര്‍) നേതാവ് ബാബാ സിദ്ദീഖിയെ (66) നഗരമധ്യത്തില്‍ വെടിവച്ചുകൊന്ന കേസിന്റെ ആസൂത്രകനാണ് അന്‍മോല്‍.
ഇയാളെ നാടുകടത്തിയ വിവരം യുഎസ് അധികൃതര്‍ ബാബ സിദ്ദീഖിയുടെ കുടുംബത്തെ അറിയിച്ചു. ഇ-മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് കുടുംബം പുറത്തുവിട്ടു. പഞ്ചാബ് സ്വദേശിയായ അന്‍മോല്‍ നേപ്പാള്‍ വഴി ദുബായിലെത്തി കെനിയയിലേക്ക് കടന്നു. അവിടെനിന്നാണ് യുഎസിലെത്തിയത്. നവംബറില്‍ അറസ്റ്റിലായി. അന്‍മോലിനെ കണ്ടെത്തുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
നടന്‍ സല്‍മാന്‍ ഖാനുമായി അടുത്ത സൗഹൃദമുള്ള സിദ്ദീഖി 2024 ഒക്ടോബര്‍ 12 നാണ് വെടിയേറ്റു മരിച്ചത്. പ്രത്യേക പൊലീസ് സുരക്ഷയുള്ള മുന്‍ മന്ത്രി കൂടിയായ സിദ്ദീഖി ബാന്ദ്രയിലെ മകന്റെ ഓഫീസിനു മുന്നില്‍ നിന്നു കാറില്‍ കയറുന്നതിനിടെയാണ് അദ്ദേഹത്തെ മൂന്നു പേരുടെ സംഘം വെടിവച്ചത്. നെഞ്ചിലും വയറ്റിലും വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Advertisement