ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തില്‍ മരണം 13 ആയി. വന്‍ സ്ഫോടനത്തിന്റെ നടുക്കത്തിലാണ് രാജ്യം. ഇതുവരെയുള്ള വിവരം അനുസരിച്ച് സംഭവത്തില്‍ 13പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഒരാള്‍ പിടിയിലെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
സ്ഫോടനം നേരിട്ടു കണ്ടതിന്റെ നടുക്കത്തിലാണ് സമീപവാസികള്‍. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും പെട്ടെന്ന് മനസിലായില്ല. സ്ഫോടനത്തില്‍ താന്‍ മൂന്ന് തവണ വീണു പോയതായി പ്രദേശത്തെ കടയുടമ പറഞ്ഞു. ‘എന്റെ ജീവിതത്തില്‍ ഇതുവരെ ഇത്രയും വലിയ സ്ഫോടനം ഞാന്‍ കേട്ടിട്ടില്ല. ഞങ്ങള്‍ എല്ലാവരും മരിക്കാന്‍ പോകുന്നതുപോലെയാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ശരീരഭാഗങ്ങള്‍ വായുവിലൂടെ ചിതറിത്തെറിക്കുന്നത് കണ്ടതായി പ്രദേശവാസി പറഞ്ഞു. ഒരാളുടെ ശരീരത്തില്‍ നിന്ന് അറ്റുപോയ കൈ റോഡില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. അത് വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയില്ലെന്നും പ്രദേശവാസി പറഞ്ഞു. ശരീരഭാഗങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. നിരവധി കാറുകളും ആളിക്കത്തുന്നത് കണ്ടു. സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചതായും 20 പേര്‍ക്ക് പരിക്കേറ്റതായും ഡല്‍ഹി ഫയര്‍ സര്‍വീസസും എല്‍എന്‍ജെപി ആശുപത്രിയും സ്ഥിരീകരിച്ചു. സംഭവത്തെതുടര്‍ന്ന് രാജ്യ തലസ്ഥാനം അതീവ ജാഗ്രതയിലാണ്.






































