എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ സാങ്കേതിക തകരാർ: വിമാനത്താവളങ്ങളിലെ സമയ ക്രമത്തിൽ ആശങ്ക

Advertisement

ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരവെ ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള കൂടുതൽ സർവ്വീസുകളെ പ്രശ്നം ബാധിച്ചേക്കും എന്ന് ആശങ്ക. വെള്ളിയാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന 171 വിമാനങ്ങൾ വൈകി.


ഇത് മറ്റ് വിമാനത്താവളങ്ങളിലെ സമയ ക്രമങ്ങളെയും ബാധിക്കാം എന്ന പ്രശ്നവും നിലനിൽക്കുന്നു. കാസ്കേഡിംങ് ഡിലേ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ഉത്തരേന്ത്യയുടെ ഒരു പ്രധാന കണക്റ്റിംഗ് ഹബ് എന്ന നിലയിൽ കാലതാമസം മുഴുവൻ പ്രാദേശിക ശൃംഖലയെയും ബാധിക്കും. ക്രൂ ഡ്യൂട്ടി സമയ പരിധികളെ ഇത് അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കണക്ഷനുകൾ നഷ്ടപ്പെട്ടു. വ്യാഴാഴ്ച 513 വിമാനങ്ങളും വെള്ളിയാഴ്ച രാവിലെയോടെ 171 വിമാനങ്ങളും വൈകിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു.


എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ ലഭ്യമായ ഡാറ്റ ഉപയോഗിച്ച് ഉദ്യോഗസ്ഥർ ഫ്ലൈറ്റ് പ്ലാനുകൾ മാനുവലായി നൽകുന്നത് തുടരുകയാണ്. ഇത് സമയമെടുക്കുന്ന പ്രക്രിയയാണ് എന്നതിനാലാണ് കൂട്ടത്തോടെ വൈകൽ തുടരുന്നത്. മാനുവൽ പ്രോസസ്സിംഗ് നിലത്തും വ്യോമാതിർത്തിയിലും തിരക്ക് വർധിപ്പിച്ച സാഹചര്യമാണ്.


രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം 1,500-ലധികം വിമാനങ്ങൾ വരികയും പോവുകയും ചെയ്യുന്നുണ്ട്. ലോകത്തിലെ ഒമ്പതാമത്തെ തിരക്കേറിയ വിമാനത്താവളമാണ്. വ്യാഴാഴ്ച വൈകുന്നേരം മുതൽ തന്നെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം എയർ ട്രാഫിക് കൺട്രോളർമാർക്ക് ഫ്ലൈറ്റ് പ്ലാനുകൾ സ്വയമേവ ലഭ്യമാവുന്നില്ലെന്ന് പരാതി ഉണ്ടായിരുന്നു.

ഫ്ലൈറ്റ് പ്ലാനുകൾ നൽകുന്ന ഓട്ടോ ട്രാക്ക് സിസ്റ്റത്തിനായുള്ള (AMS) വിവരങ്ങൾ നൽകുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിൽ (AMSS) സംഭവിച്ച തകരാരാണ് പ്രശ്നത്തിന് കാരണം എന്നാണ് വിലയിരുത്തൽ.  വിമാനങ്ങൾ പുറപ്പെടുന്നതിന് ഏകദേശം 50 മിനിറ്റ് വരെ താമസം നേരിട്ടതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ Flightradar24.com-ൽ ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നു.

Advertisement