ബിലാസ്പൂരിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 20 പേർ പരിക്കേറ്റ് ആശുപത്രിയിൽ ഉണ്ടെന്ന് റെയിൽവേ അറിയിച്ചു. കോർബയിൽ നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന മെമു പാസഞ്ചർ ട്രെയിൻ, ചരക്ക് ട്രെയിനിൽ പിന്നിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി. പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിഗ്നൽ തെറ്റിച്ച് എത്തിയതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തും. അപകടം ഉണ്ടായ ബിലാസ്പൂർ – ഹൗറ പാതയിലെ ഗതാഗതം പുനസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു.

































