കരൂർ ദുരന്തം: ടിവികെ ആസ്ഥാനത്ത് സന്ദർശനം നടത്തി സിബിഐ

Advertisement

കരൂർ ദുരന്തത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈയിലെ ടിവികെ ആസ്ഥാനത്ത് സന്ദർശനം നടത്തി സിബിഐ. കേസിന്റെ വിശദാംശങ്ങളും സിസിടിവി ദൃശ്യങ്ങളും തേടിയാണ് സിബിഐ ഉദ്യോഗസ്ഥർ എത്തിയത്.


സിബിഐ ഉദ്യോഗസ്ഥർ ചെന്നൈ പനയൂരിലുള്ള ടിവികെയുടെ ആസ്ഥാനത്ത് സന്ദർശനം നടത്തിയതായി പാർട്ടി ജോയിൻ്റ് ജനറൽ സെക്രട്ടറി സിടിആർ നിർമൽ കുമാർ മാധ്യമപ്രവർത്തകരെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ, പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങളാണ് സിബിഐ പ്രധാനമായും ആവശ്യപ്പെട്ടത്.


മദ്രാസ് ഹൈക്കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഈ വിവരങ്ങൾ നേരത്തെ കൈമാറിയിരുന്നെന്നും, എന്നാൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിലവിൽ കേസ് സിബിഐ ഏറ്റെടുത്ത സാഹചര്യത്തിലാണ് വിവരങ്ങൾ വീണ്ടും കൈമാറുന്നതെന്നും നിർമൽ കുമാർ വ്യക്തമാക്കി.


സിബിഐയുടെ സമൻസിൽ ആരും നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ലെന്നും, ആവശ്യപ്പെട്ട വിവരങ്ങൾ നാല് ദിവസത്തിനകം സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്രാസ് ഹൈക്കോടതി ഉത്തരവിട്ട പ്രത്യേക അന്വേഷണത്തിന് സുപ്രീം കോടതി സ്റ്റേ നൽകുകയും തുടർന്ന് കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയുമായിരുന്നു.


ഇതോടെയാണ് കേസിൻ്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന വിജയ്‌യുടെ റാലിക്കിടെയാണ് തിക്കും തിരക്കും ഉണ്ടായതിനെ തുടർന്ന് വൻ ദുരന്തം സംഭവിച്ചത്.

Advertisement