മുംബൈയിലെ പൊവായില്‍ 20 കുട്ടികളെ ബന്ദികളാക്കിയ യുവാവ് പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. കുട്ടികളെ മോചിപ്പിക്കുന്നതിനിടെയാണ് പൊലീസും പ്രതിയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. കുട്ടികള്‍ സുരക്ഷിതരാണ്.
പൊവായിലെ ആര്‍.എ. സ്റ്റുഡിയോ എന്ന അഭിനയ പഠനകേന്ദ്രത്തില്‍ രാവിലെയാണ് നാടകീയ സംഭവങ്ങള്‍ ആരംഭിച്ചത്. വെബ് സീരീസിന്‍റെ ഓഡിഷനായി എത്തിയ കുട്ടികളെ രോഹിത് ആര്യ എന്നയാള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ശുചിമുറിവഴി അകത്തുകയറിയ ഇയാളുടെ കയ്യില്‍ എയര്‍ ഗണ്ണും ഉണ്ടായിരുന്നു. തനിക്ക് ചില ചോദ്യങ്ങള്‍ക്ക് ഉത്തരംകിട്ടാനുണ്ടെന്നും ചിലരുമായി സംസാരിക്കണമെന്നും ആവശ്യപ്പെട്ട് രോഹിത് ആര്യ വീഡിയോയും പുറത്തുവിട്ടു.
സംഭവമറിഞ്ഞതോടെ സ്ഥലത്തെത്തിയ പൊലീസ് കെട്ടിടം വളഞ്ഞു. ഇരച്ചുകയറിയ ദ്രുതകര്‍മ സേന വാതില്‍ തകര്‍ത്ത് രോഹിതിനെ കീഴടക്കി കുട്ടികളെ മോചിപ്പിക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ രോഹിത് ആര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു.
































