കൊൽക്കത്തയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: 2012 പാർക് സ്ട്രീറ്റ് കൂട്ടബലാത്സംഗ കേസ് കുറ്റവാളിക്കെതിരെ കേസ്

Advertisement

കൊൽക്കത്ത: കൊൽക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്ത്രീ പീഡിപ്പിക്കപ്പെട്ടെന്നും ആക്രമിക്കപ്പെട്ടെന്നും പരാതി. സംഭവത്തിൽ 2012 പാർക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ആൾക്കെതിരെ അടക്കം പൊലീസ് കേസെടുത്തു. ഞായറാഴ്ച പുലർച്ചെ 4 നും 5 നും ഇടയിലാണ് കൊൽക്കത്ത ഹയാത്ത് റീജൻസിക്കുള്ളിലെ പ്ലേ ബോയ് ക്ലബിൽ സംഭവം നടന്നത്. ഭർത്താവിനും സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം ഹോട്ടലിൽ വാരാന്ത്യ ക്ലബിൽ പങ്കെടുക്കാനെത്തിയ സ്ത്രീയാണ് പീഡനത്തിന് ഇരയായത്. ഇവരെ ബിയർ കുപ്പികൾ കൊണ്ട് ആക്രമിച്ചതായും പരാതിയിൽ പറയുന്നു.

ബിധാൻനഗർ സൗത്ത് പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പാർക്ക് സ്ട്രീറ്റ് സ്വദേശികളായ നാസിർ ഖാൻ ബന്ധു ജുനൈദ് ഖാൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നാസിർ ഖാൻ 2012 ലെ വിവാദ പാർക് സ്ട്രീറ്റ് ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതാണ്. 2012 ഫെബ്രുവരി ആറിന് സുസെറ്റെ ജോർദാൻ എന്ന യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വഴിയിൽ ഉപേക്ഷിച്ച കേസാണിത്. ഈ യുവതി സംഭവം നടന്ന് നാല് വർഷത്തിന് ശേഷം അസുഖബാധിതയായി മരിച്ചിരുന്നു. കേസിൽ പത്ത് വർഷം തടവുശിക്ഷ അനുഭവിച്ചാണ് നാസിർ പുറത്തിറങ്ങിയത്.

ഞായറാഴ്ച രാത്രി നൈറ്റ് ക്ലബിൽ ഭർത്താവും സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം ഇരുന്ന യുവതിക്ക് നേരെ ജുനൈദ് ഖാനും നാസിർ ഖാനും സുഹൃത്തുക്കളും എത്തുകയും ഇരു കൂട്ടരും തമ്മിൽ തർക്കവും കൈയ്യാങ്കളിയും നടക്കുകയുമായിരുന്നു. പരാതിക്കാരിയെ സംരക്ഷിക്കാൻ ശ്രമിച്ച സഹോദരനെ ബിയർ കുപ്പി കൊണ്ട് അടിച്ചുവീഴ്ത്തിയെന്ന് പരാതിയിലുണ്ട്. ഹോട്ടലിൽ നിന്ന് ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ ജുനൈദ് ഖാൻ കൂടുതൽ പേരെ വിളിച്ചുവരുത്തി തങ്ങളെ ആക്രമിച്ചെന്ന് പീഡനത്തിന് ഇരയായ യുവതി പറയുന്നു. രക്ഷക്കായി പൊലീസിനെ വിളിച്ചെന്നും എന്നാൽ പ്രതികൾ എല്ലാ വാതിലുകളും അടച്ച് തന്നെ കുറച്ച് യുവാക്കൾക്കിടയിലാക്കിയെന്നും പരാതിക്കാരി പറയുന്നു.

Advertisement