നടന്‍ സച്ചിന്‍ ഗണേഷ് ചാന്ദ്വാഡെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

Advertisement

നെറ്റ്ഫ്ളിക്സ് സീരീസ് ജംതാരയിലൂടെ ശ്രദ്ധേയനായ നടന്‍ സച്ചിന്‍ ഗണേഷ് ചാന്ദ്വാഡെ അന്തരിച്ചു. 25 കാരനായ സച്ചിന്റെ പുതിയ സീരീസ് റിലീസിന് തയ്യാറെടുക്കുവെയാണ് സംഭവം. കഴിഞ്ഞ 23-ാം തീയതി വീടിന്റെ മുകളിലത്തെ നിലയില്‍ ഉച്ചയ്ക്ക് ഒന്നരയോടെ സച്ചിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടനെ നടനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ എല്ലാ ശ്രമങ്ങളും വിഫലമാക്കിക്കൊണ്ട് 24-ാം തിയ്യതി താരം മരണത്തിന് കീഴടങ്ങി.
കുട്ടിക്കാലം മുതല്‍ അഭിനയത്തില്‍ താല്‍പര്യം കാണിച്ചിരുന്നു സച്ചിന്‍. മറാത്തി സിനിമയിലും ബോളിവുഡിലുമെല്ലാം ചെറിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ നേടി വരികയായിരുന്നു. നെറ്റ്ഫ്ളിക്സിന്റെ ഹിറ്റ് സീരീസായ ജംതാരയുടെ രണ്ടാം സീസണില്‍ അഭിനയിച്ചതോടെയാണ് താരമാകുന്നത്. 2022 ലാണ് ജംതാര 2 പുറത്തിറങ്ങുന്നത്.
അസുരവന്‍ എന്ന പുതിയ മറാത്തി സീരീസിന്റെ റിലീസിന് തൊട്ടുമുമ്പാണ് സച്ചിന്റെ മരണം സംഭവിക്കുന്നത്. മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് തന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ സച്ചിന്‍ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. വിഷയ് ക്ലോസ് എന്ന മറാത്തി ചിത്രവും സച്ചിന്റേതായി റിലീസാകാനുണ്ട്. ദീപാവലി ആഘോഷത്തിനായി പരോലയിലെ തന്റെ നാടായ ഉന്ദിര്‍ഖേഡയിലെത്തിയതായിരുന്നു നടന്‍. ദീപാവലി ആഘോഷങ്ങള്‍ക്കിടെ നടന്‍ ജീവനൊടുക്കിയത് പ്രിയപ്പെട്ടവരേയും സിനിമാ ലോകത്തേയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement