യുവാവിനെ കള്ളക്കേസിൽ പെടുത്താൻ യുവതിയുടെ കുടുംബം തയാറാക്കിയ നാടകം, ആസിഡ് ആക്രമണ കഥയ്ക്ക് പുതിയ ട്വിസ്റ്റ്

Advertisement

ന്യൂഡെല്‍ഹി. ഡൽഹിയിൽ കോളേജ് വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായ സംഭവത്തിൽ ട്വിസ്റ്റ്. യുവാവിനെ കള്ളക്കേസിൽ പെടുത്താൻ യുവതിയുടെ കുടുംബം തയാറാക്കിയ നാടകമാണ് ആസിഡ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അക്കീൽ ഖാൻ ആണ് അറസ്റ്റിൽ ആയത്. പെൺകുട്ടിക്കെതിരെയും കേസെടുക്കുമെന്നും വേണ്ടിവന്നാൽ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. ഇരു കൈകൾക്കും പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ കയ്യിൽ മനപ്പൂർവ്വം പൊള്ളലേൽപ്പിച്ചതാണെന്നും സംശയയമുണ്ട്.
സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പ്രകാരം ഒരാൾ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. പെൺകുട്ടിയുടെ കുടംബവുമായി ബന്ധമുള്ള ജിതേന്ദർ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. കൂട്ടുപ്രതികളെന്ന് പെൺകുട്ടി പറഞ്ഞ ഇഷാൻ, അർമാൻ എന്നിവർ ഒളിവിലായിരുന്നു .
കേസിൽ ആദ്യം മുതൽ തെളിവുകളുടെ അഭാവം പൊലീസിനെ കുഴപ്പിക്കുന്നുണ്ടായിരുന്നു. അശോക് വിഹാറിൽ പെൺകുട്ടിക്ക് നേരെ ആക്രമണം നടക്കുന്ന സമയത്ത് ജിതേന്ദറിന്റെ ഫോൺ ലൊക്കേഷൻ കരോൾ ബാഗ് ആയതാണ് പൊലീസിന് തലവേദനയായത്. കൂടാതെ സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലൊന്നും ഇയാൾ പതിഞ്ഞിട്ടില്ല. കൂട്ടുപ്രതികളെന്ന് സംശയിക്കുന്ന ഇഷാൻ, അർമാൻ എന്നിവരുടെ കുടുംബവുമായി പെൺകുട്ടിയുടെ കുടുംബത്തിന് ചില വസ്തു തർക്കങ്ങൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
മാത്രമല്ല, ഈ ആക്രമണ നടന്ന സ്ഥലത്ത് ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല എന്നും പോലീസ് പറഞ്ഞു. ടോയ്ലറ്റ് ക്ലീനര് ആണ് പെൺകുട്ടിയുടെ കയ്യിൽ ഒഴിച്ചത്. എന്നാൽ ആശുപത്രി രേഖകളിൽ കയ്യിലും വയറ്റിലും പൊള്ളലുണ്ട്.
ഇന്നലെയാണ് കോളജിലേക്ക് പോകുംവഴി രണ്ടാംവർഷ ബിരുദ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതായി കുടുംബം പരാതി നൽകിയത്. പെൺകുട്ടിയുടെ അച്ഛൻ തനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയെന്ന് പോലീസ് കസ്റ്റഡിലെടുത്ത ജിതേന്ദറിന്റെ ഭാര്യയുടെ പരാതിയാണ് ആസിഡ് ആക്രമണത്തിന് പിന്നിലെ കള്ളക്കഥ പൊളിച്ചത് . ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ പിതാവിനൊപ്പമാണ് താൻ ജോലി ചെയ്തിരുന്നതെന്നും അക്കാലത്ത് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നും പിന്നീട് സ്വകാര്യ വീഡിയോകൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്‌തതെന്നും മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെട്ട ജിതേന്ദറിന്റെ ഭാര്യ പരാതിയിൽ പറയുന്നു. ഇതോടെയാണ് കേസിൽ കള്ളക്കളി ഉള്ളതായി പോലീസ് സംശയിച്ചതും കൂടുതൽ അനുഷണം നടത്തിയതും

Advertisement