പുണെ : പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ബലാത്സംഗം ചെയ്‌തെന്ന് ഇടതു കൈവെള്ളയില്‍ എഴുതിവച്ചശേഷം മഹാരാഷ്‌ട്രയിലെ സത്താറയിൽ വനിതാഡോക്‌ടർ ജീവനൊടുക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പ്രതിയായ പോലീസ് സബ് ഇൻസ്പെക്ടർ ഗോപാൽ ബദാൻ, തന്നെ മാനസികമായി നിരന്തരം പീഡിപ്പിച്ചെന്ന് ഡോക്‌ടര്‍ ആരോപിച്ച സോഫ്റ്റ്‍വെയര്‍ എൻജിനിയറായ പ്രശാന്ത് ബൻകര്‍ എന്നിവരാണ് പിടിയിലായത്.
പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റിന് മണിക്കൂറുകൾക്ക് ശേഷമാണ് പുണെയിൽ നിന്ന് സോഫ്റ്റ്‍വെയര്‍ എൻജിനിയർ പിടിയിലായത്. ഡോക്‌ടര്‍ താമസിച്ച വീടിന്റെ ഉടമയുടെ മകനാണ് ഇയാൾ. ഗോപാൽ ബദാൻ സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നുവെന്ന് സതാര എസ്പി തുഷാർ ദോഷി പറഞ്ഞു. പ്രശാന്ത് ബൻകറിനെ സത്താറ ജില്ലാ കോടതിയിൽ ഹാജരാക്കി നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മധ്യ മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിലെ ബീഡ് ജില്ലയിൽ നിന്നുള്ള ഡോക്‌ടറായ 28കാരിയെ വ്യാഴാഴ്ച രാത്രിയാണ് ഫൽത്താനിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സത്താര ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്.
അഞ്ചുമാസത്തിനിടെ നാലുതവണ എസ്ഐ ഗോപാൽ ബദ്നെ ബലാത്സംഗം ചെയ്‌തെന്നും ബൻകര്‍ മാനസികമായി പീഡിപ്പിച്ചെന്നും കൈവള്ളയിലെഴുതിയ കുറിപ്പിൽ ആരോപിച്ചിരുന്നു. ഇരുവർക്കുമെതിരെ ബലാത്സംഗവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയിട്ടുണ്ട്. ആത്മഹത്യയ്ക്കു മുമ്പ് ഡോക്ടർ പ്രശാന്തിനെ ഫോണിൽ വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗോപാൽ ബദാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഡോക്ടറെ വെള്ളിയാഴ്ച രാത്രി ബീഡിലെ വസതിയിൽ സംസ്കരിച്ചു. കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഡോക്ടറുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. പീഡനത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ഡോക്ടറുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ജോലി ചെയ്തിരുന്ന ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടുകൾ മാറ്റാൻ സമ്മർദ്ദം ചെലുത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
സ്ഥിരമായി പോസ്റ്റ്മോർട്ടം ഡ്യൂട്ടി ചെയ്തിരുന്നതിനാൽ റിപ്പോർട്ടുകൾ തിരുത്താൻ രാഷ്ട്രീയക്കാർ നിർബന്ധിച്ചിരുന്നുവെന്നും ഡോക്ടറുടെ കുടുംബം ആരോപിക്കുന്നു. ബുദ്ധിമുട്ടിക്കാൻ വേണ്ടിയാണ് നിരന്തരം പോസ്റ്റ്മോർട്ടം ഡ്യൂട്ടി നൽകിയിരുന്നതെന്നും യുവതിയുടെ ബന്ധുക്കളായ രണ്ട് ഡോക്ടർമാർ പറഞ്ഞു.
































