പ്രചാരണത്തിൽ AI വേണ്ട, ഉപയോഗിച്ചാൽ അത് വോട്ടർമാരെ അറിയിക്കണം

Advertisement

നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള പ്രചരാണ വസ്തുക്കളിൽ അക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ ദിവസം ഐ ടി മന്ത്രാലയം സോഷ്യൽ മീഡിയ കമ്പനികൾക്ക് നൽകിയ അതേ നിർദ്ദേശമാണ് ബിഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷട്രീയ പാർടികൾക്ക് കമ്മീഷൻ നൽകിയിട്ടുള്ളത്. ഇത് സംബന്ധിച്ച് ചട്ടങ്ങൾ വരാനിരിക്കെയാണ് തെരഞ്ഞെടുപ്പിലും നിയന്ത്രണം വെച്ചിരിക്കുന്നത്.


2024 മെയിലും ഈ വർഷം ജനുവരിയിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഏഐ ഉപയോഗം സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് എതിരാളികൾക്കെതിരെയാണ് ഏറ്റവും അധികം നിർമ്മിത ബുദ്ധി സാങ്കേതിക പ്രയോഗങ്ങൾ പരാതിയായിട്ടുള്ളത്.


നവംബർ 6, 11 തീയതികളിലായാണ് ബീഹാറിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ്  തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.


“പ്രചാരണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതോ പ്രചരിപ്പിക്കുന്നതോ ആയ കൃത്രിമമായി സൃഷ്ടിച്ചതോ നിർമ്മിത ബുദ്ധിയാൽ മാറ്റം വരുത്തിയതോ ആയ ഏതെങ്കിലും ചിത്രം, ഓഡിയോ അല്ലെങ്കിൽ വീഡിയോ ഉപയോഗിക്കുമ്പോൾ “AI-ജനറേറ്റഡ്”, “ഡിജിറ്റലായി മെച്ചപ്പെടുത്തിയത്”, അല്ലെങ്കിൽ “സിന്തറ്റിക് ഉള്ളടക്കം” എന്നിങ്ങനെ വ്യക്തവും തിരിച്ചറിയാൻ കഴിയുന്നതുമായ ലേബൽ ഉണ്ടായിരിക്കണം.” എന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്.

*നിബന്ധനകൾ*


ദൃശ്യമായ ഡിസ്പ്ലേ ഏരിയയുടെ കുറഞ്ഞത് 10 ശതമാനമെങ്കിലും (അല്ലെങ്കിൽ ഓഡിയോ ഉള്ളടക്കത്തിനുള്ള പ്രാരംഭ 10 ശതമാനം ദൈർഘ്യം) മുന്നറിയിപ്പ് ഉൾക്കൊള്ളണം. വീഡിയോ ഉള്ളടക്കത്തിന്റെ കാര്യത്തിലാണെങ്കിൽ ലേബൽ സ്ക്രീനിന്റെ മുകൾ ഭാഗത്തായി വരണം.


പ്രസിദ്ധീകരിക്കുന്ന ഓരോ ഉള്ളടക്കത്തിലും അതിന്റെ മെറ്റാ ഡാറ്റയിലോ അനുബന്ധമായി നൽകുന്ന അടിക്കുറിപ്പിലോ കണ്ടന്റ് ജനറേഷൻ നടത്തിയ സ്ഥാപനത്തിന്റെ പേര് വ്യക്തമായി വെളിപ്പെടുത്തണം.


ഏ ഐ ഉപയോഗിച്ച് സൃഷ്ടിച്ച എല്ലാ പ്രചാരണ സാമഗ്രികളുടെയും വിശദാംശങ്ങൾ പോൾ പാനൽ ആവശ്യപ്പെടുമ്പോൾ സ്ഥിരീകരണത്തിനായി നൽകണം. സ്രഷ്ടാവിന്റെ വിശദാംശങ്ങളും ടൈം സ്റ്റാമ്പുകളും ഉൾപ്പെടെ എല്ലാ AI-  ഘട്ടങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കണം.

Advertisement