ചെന്നൈ.പാർട്ടിയുടെ പേരിൽ ദീപാവലി ആഘോഷങ്ങൾ വേണ്ടെന്ന് നിർദേശം നൽകി തമിഴക വെട്രിക് കഴകം.കരൂർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. അതേസമയം വിജയ്‌യെ RSS യൂണിഫോമിൽ അവതരിപ്പിച്ച് കാർട്ടൂൺ പങ്കുവെച്ച് ഡിഎംകെ ഐടി വിഭാഗം രംഗത്തെത്തി.
ദീപാവലിയോട് അനുബന്ധിച്ച് കഴിഞ്ഞ വർഷം ടിവികെ നിരവധി ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ കരൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പാർട്ടിയുടെ പേരിൽ ആഘോഷങ്ങൾ നടത്തരുതെന്നാണ് നിർദേശം. പാർട്ടിപ്രവർത്തകരും കഴിവതും ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. ഒപ്പം കരൂർ ദുരന്തത്തിൽ മരിച്ചവർക്ക് വേണ്ടി അനുശോചനയോഗങ്ങളും പ്രത്യേകപ്രാർഥനയും നടത്തണമെന്ന് ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ വിജയ് ആർഎസ്എസ് യൂണിഫോമിൽ നിൽക്കുന്ന കാർട്ടൂൺ ഡിഎംകെ ഐടി വിങ് ഔദ്യോഗിക പേജിൽ പങ്കുവെച്ചു. ഷർട്ടിന് പിന്നിൽ ചോരപ്പാടുകൾ ചേർത്താണ് കാർട്ടുൺ ഉള്ളത്. ഇതുവരെയും വിജയ് കരൂരിലെത്താത് ദുരന്തബാധിതരോട് സംസാരിക്കാനുള്ള സ്ക്രിപ്റ്റ് തയ്യാറാകാത്തതിനാലാണെന്നും ഡിഎംകെ വിമർശിച്ചു. കാർട്ടൂണിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ഡിഎംകെ ടിവികെ പോര് തുടരുകയാണ്.






































