മഹാരാഷ്ട്ര: താനെയിൽ 17 ദിവസം പ്രായമുള്ള ആൺകുട്ടിയെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റതിനും, കുഞ്ഞിനെ വാങ്ങിയതിനും നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. കല്യാൺ താലൂക്ക് നിവാസികളായ ദമ്പതികൾ ഒക്ടോബർ 14 ന് അവർക്കുണ്ടായ മകനെ റായ്ഗഡ് ജില്ലയിലെ ദമ്പതികൾക്ക് വിറ്റതായി പൊലീസ് പറഞ്ഞു.
2015 ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമപ്രകാരം ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കല്യാൺ താലൂക്ക് പൊലീസ് സ്റ്റേഷനിലെ എപിഐ പങ്കജ് ഗിരി പറഞ്ഞു. ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു ആൺകുട്ടിയുമുണ്ട്. നവജാതശിശുവിനെക്കൂടെ പരിപാലിക്കാൻ കഴിയില്ലെന്നും, നേരത്തെ ഗർഭം അലസിയത് കാരണം പ്രസവിച്ച സ്ത്രീയുടെ ആരോഗ്യത്തെക്കുറിച്ച് അവർ ഭയപ്പെട്ടിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അതേ സമയം, റായ്ഗഡിൽ നിന്നുള്ള ദമ്പതികൾ ഒരു ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വാങ്ങിയത്. വനിതാ ശിശുക്ഷേമ (WCW) വകുപ്പാണ് നിയമവിരുദ്ധമായ ഇക്കാര്യം വെളിച്ചത്തു കൊണ്ടുവന്നതെന്നും അവർ കൂട്ടിച്ചേർത്തു. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് വനിതാ ശിശുക്ഷേമ പ്രവർത്തകർ കാര്യം അന്വേഷിച്ചത്. പൊലീസിന്റെ സഹായം തേടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും താനെയിലെ വനിതാ ശിശുക്ഷേമ ഓഫീസർ രാമകൃഷ്ണ റെഡ്ഡി പറഞ്ഞു.
































