ലഖ്‌നൗ: വ്യവസായിയുടെ കൊലപാതകത്തിൽ ഹിന്ദു മഹാസഭയുടെ വനിതാ നേതാവ് പൂജ ശകുൻ പാണ്ഡെ അറസ്റ്റിൽ. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ ബിസിനസുകാരൻ അഭിഷേക് ഗുപ്ത കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ അറസ്റ്റ്. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് പൂജ അറസ്റ്റിലായത്.
ഭർത്താവ് അശോക് പാണ്ഡെ നേരത്തെ അറസ്റ്റിലായിരുന്നു. സെപ്റ്റംബർ 26ന് ബൈക്ക് ഷോറൂം ഉടമയായ അഭിഷേക് ഗുപ്ത ഹാഥ്‌റസിലേക്കുള്ള ബസിൽ കയറുന്നതിനിടെ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. പൂജയുടെയും ഭർത്താവും അഖില ഭാരതീയ ഹിന്ദു മഹാസഭ വക്താവുമായ അശോക് പാണ്ഡെയുടെയും നിർദേശപ്രകാരം വാടക കൊലയാളികളായ മുഹമ്മദ് ഫസൽ, ആസിഫ് എന്നിവരാണ് ഗുപ്തയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.
വാടക കൊലയാളികളെയും പൊലീസ് പിടികൂടി. തുടർന്ന് പൂജ ഒളിവിൽ പോയി. റൊറാവർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിസിനസുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൂജയും അഭിഷേകും ബന്ധമുണ്ടായിരുന്നെന്നും പിന്മാറിയതിനാലാണ് കൊലപാതകം നടത്തിയതെന്നും അഭിഷേകിന്റെ കുടുംബം ആരോപിച്ചു. പൂജയെ അറസ്റ്റ് ചെയ്യുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നാഥുറാം ഗോഡ്‌സെയെ പ്രശംസിച്ചതിന് പൂജ നേരത്തെ വിവാദത്തിലായിരുന്നു.
































