വീട്ടിലെ മുറിയിൽ 1 ഉം 4 ഉം വയസുള്ള മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് 27കാരി, ‌ഭർത്താവുമൊത്തുള്ള തർക്കമാകാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

Advertisement

ബെംഗളൂരു: സ്വന്തം മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് 27കാരി. ബെംഗളൂരുവിൽ താമസിച്ചു വരുന്ന വിജയലക്ഷ്മി എന്ന യുവതിയാണ് മരിച്ചത്. തന്റെ 1 ഉം 4 ഉം വയസുള്ള മക്കളെയാണ് ഇവർ കൊലപ്പെടുത്തിയത്. റായ്ച്ചൂരാണ് ഇവരുടെ യഥാർത്ഥ സ്ഥലം. യുവതിയുടെ ഭർത്താവ് ബെംഗളൂരുവിലെ ഒരു മാളിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനാലാണ് യുവതിയും മക്കളുമടക്കം ബെംഗളൂരുവിലെ ബാഗലഗുണ്ടെയിലേക്ക് താമസം മാറിയത്. ഇക്കഴിഞ്ഞ വ്യാഴാഴച്ചയാണ് സംഭവമുണ്ടായത്.

ഭർത്താവുമായുള്ള എന്തെങ്കിലും പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തർക്കമാകാം യുവതിയെ ഈ കടുത്ത നടപടിയിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. വൈകുന്നേരത്തോടെ ഇവർ താമസിച്ചിരുന്ന മുറി പരിശോധിച്ചപ്പോൾ ഒരു മുറിയിൽ മൂന്ന് പേരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ, യുവതി ആദ്യം കുട്ടികളുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സീലിംഗ് ഫാനിൽ കെട്ടിത്തൂക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനു ശേഷം യുവതി തൂങ്ങി മരിച്ചതാകാമെന്നും പൊലീസ് കൂട്ടിച്ചേർത്തു. അതേ സമയം, മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Advertisement