പ്രണയം തെളിയിക്കാൻ വിഷം കഴിച്ച 20-കാരന് ദാരുണാന്ത്യം. പെൺകുട്ടിയുടെ വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് വിഷാംശമുള്ള പദാർത്ഥം കഴിച്ച് കൃഷ്ണ കുമാർ പാണ്ഡോ എന്ന യുവാവാണ് മരിച്ചത്. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. കൃഷ്ണ കുമാർ പാണ്ഡോ സോനാരി ഗ്രാമത്തിലെ പെൺകുട്ടിയുമായി രണ്ടു വർഷമായി പ്രണയത്തിലായിരുന്നു.
പ്രണയബന്ധം അറിഞ്ഞ പെൺകുട്ടിയുടെ കുടുംബം യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. മകളോടുള്ള അടുപ്പവും സത്യസന്ധതയും തെളിയിക്കുന്നതിനായി വിഷാംശമുള്ള പദാർത്ഥം കഴിക്കാൻ പെൺകുട്ടിയുടെ കുടുംബം കൃഷ്ണ കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു.
വിഷാംശം കലർന്ന പദാർത്ഥം കഴിച്ചതിനെ തുടർന്ന് യുവാവ് അവശനിലയിലായി. ഉടൻ തന്നെ പെൺകുട്ടിയുടെ വീട്ടുകാർ കൃഷ്ണകുമാറിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടിലെത്തിയ ബന്ധുക്കൾ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതിയുടെ കുടുംബം നിർബന്ധിച്ചതിനെ തുടർന്നാണ് താൻ വിഷം കഴിച്ചതെന്ന് ആശുപത്രിയിൽ വെച്ച് യുവാവ് മൊഴി നൽകിയിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതരും സ്ഥിരീകരിച്ചു. ഇതേത്തുടർന്ന്, വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ മകനെ യുവതിയുടെ കുടുംബം നിർബന്ധിച്ചു എന്ന് ആരോപിച്ച് കൃഷ്ണകുമാറിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
































