ജയ്പൂർ: 100 മാർക്കിൻറെ പരീക്ഷയ്ക്ക് 103 മുതൽ 137 വരെ മാർക്ക് നേടി വിദ്യാർത്ഥികൾ! കേൾക്കുമ്പോൾ എവിടെയോ എന്തോ തകരാറ് പോലെ തോന്നുന്നുണ്ടോ? ഒരു എഞ്ചിനീയറിംഗ് കോളജിലാണ് ഈ ‘അത്ഭുതം’ നടന്നത്. സംഭവം വിവാദമായതോടെ വെബ്സൈറ്റിൽ നിന്ന് പരീക്ഷാ ഫലം പിൻവലിച്ചു.
രാജസ്ഥാനിലെ ജോധ്‌പുരിലുള്ള എംബിഎം എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റിയിലാണ് നൂറ് മാർക്കിൻറെ പേപ്പറുകളിൽ വിദ്യാർത്ഥികൾക്ക് 137 വരെ മാർക്ക് ലഭിച്ചത്. ബിഇ രണ്ടാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റിലാണ് അപാകത കണ്ടെത്തിയത്. പരീക്ഷയെഴുതിയ ഏകദേശം 800 വിദ്യാർത്ഥികളുടെ മാർക്കുകളിൽ പിഴവുണ്ടായിരുന്നു. പുറത്തുവന്ന ഒരു മാർക്ക് ലിസ്റ്റിൽ വിദ്യാർത്ഥിക്ക് യൂണിവേഴ്സൽ ഹ്യൂമൻ വാല്യൂസ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്കിൽസിൽ 100-ൽ 104 മാർക്ക്, മെഷീൻ ഡ്രോയിംഗിൽ 131, ഫിസിക്സ് ലാബിൽ 110, മെക്കാനിക്കൽ ലാബിൽ 113, വർക്ക്‌ഷോപ്പ് പ്രാക്ടീസിൽ 124 എന്നിങ്ങനെയാണ് ലഭിച്ചത്.
പരീക്ഷാ കൺട്രോളർ അനിൽ ഗുപ്ത പറഞ്ഞത്, ഫലം അപ്‌ലോഡ് ചെയ്യുന്നതിനിടെ ഉണ്ടായ സാങ്കേതിക തകരാറാണ് മാർക്കിലെ ഈ പൊരുത്തക്കേടിന് കാരണം എന്നാണ്- “വിഷയം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ, സൈറ്റിൽ നിന്ന് അത് നീക്കം ചെയ്യാൻ ഓൺലൈൻ സെല്ലിന് നിർദേശം നൽകി. ഈ പിഴവിൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തു” എന്ന് പരീക്ഷാ കൺട്രോളർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വൈസ് ചാൻസലർ അജയ് ശർമ്മയും ഈ പിഴവ് സംഭവിച്ചതായി പറഞ്ഞു.
പരീക്ഷാഫലം അപ്‍ലോഡ് ചെയ്യാൻ ചുമതലപ്പെടുത്തിയ സ്വകാര്യ ഏജൻസിയോട് അപാകതകളെക്കുറിച്ച് വിശദീകരണം തേടി. യൂണിവേഴ്സിറ്റി തെറ്റായ മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യുന്നത് ഇതാദ്യമായല്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. മുൻപും പോർട്ടലിൽ തെറ്റായ മാർക്ക് ലിസ്റ്റുകൾ വന്നു എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
































