നളന്ദ: കാമുകിയെ കല്യാണം കഴിക്കുന്നത് വിസമ്മതിച്ചതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം. പ്രതിയായ വികാസ് കുമാറിന്റെ രണ്ടാം ഭാര്യ സുനിത ദേവി (25) യാണ് കൊല്ലപ്പെട്ടത്.
പ്രതിയായ വികാസ് കുമാർ അഞ്ച് വർഷം മുൻപാണ് സുനിത ദേവിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷമാണ് വികാസ് കുമാറിന് ഇതിനോടകം ആദ്യ വിവാഹം കഴിഞ്ഞിട്ടുണ്ടെന്നും അതിൽ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും തങ്ങൾ അറിഞ്ഞതെന്ന് സുനിതയുടെ പിതാവ് പറഞ്ഞു.
വികാസിന്റെ കുടുംബം സുനിതയെ കൂടെ താമസിപ്പിക്കാൻ സമ്മതിക്കുകയായിരുന്നു. അവർക്ക് രണ്ട് കുട്ടികൾ ജനിച്ചിരുന്നുവെങ്കിലും, ഇരുവരും ജനിച്ചയുടനെ മരണപ്പെട്ടു. പിന്നീട് വികാസ് തന്റെ കാമുകിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ സുനിതയുമായി വഴക്കുകൾ പതിവായി. തുടർന്ന് സുനിത മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിപ്പോയി.
ദുർഗ്ഗാ പൂജയ്ക്ക് മുൻപായി വികാസ് കുമാർ സുനിതയുടെ വീട്ടിലെത്തി അവളെ തിരികെ കൊണ്ടുപോയിരുന്നു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ സുനിതയുടെ വീട്ടുകാർക്ക് അവളുടെ കോൾ ലഭിച്ചു. വികാസ് തന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം വീടിന്റെ മുറ്റത്ത് ബന്ധിച്ചിരിക്കുകയാണെന്ന് സുനിത പറഞ്ഞു. തുടർന്ന് അയാൾ പാചകവാതക സ്റ്റൗവിലെ വാൽവുകൾ തുറന്ന് ഗ്യാസ് പുറത്തുവിട്ട ശേഷം തീ കൊളുത്തിയെന്നും താൻ രക്ഷപ്പെടില്ലെന്നും സുനിത അറിയിച്ചു. ഇതിന് പിന്നാലെ സുനിതയുടെ ഫോൺ സ്വിച്ച് ഓഫ് ആയി. സുനിതയുടെ സഹോദരൻ പറഞ്ഞു.
സുനിതയുടെ ബന്ധുക്കൾ ഗ്രാമത്തിലെത്തുമ്പോഴേക്കും വികാസ് കുമാറും കുടുംബവും സുനിതയുടെ മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. സുനിതയുടെ വീട്ടുകാർ വരുന്നത് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെട്ടു.
































