ആശുപത്രി വളപ്പില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ക്രൂര ബലാത്സംഗത്തിന് ഇരയായി

Advertisement

ആശുപത്രി വളപ്പില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ക്രൂര ബലാത്സംഗത്തിന് ഇരയായി. പശ്ചിമബംഗാളിലെ സ്വകാര്യ മെഡിക്കല്‍ കോളജിലാണ് സംഭവം. ഒഡിഷ ജലേശ്വര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. കൊല്‍ക്കത്തയില്‍ നിന്നും 170കിമീ മാത്രം അകലെയുള്ള ദുര്‍ഗാപൂരിനു സമീപമുള്ള ആശുപത്രിയില്‍ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിനിയാണ് ആശുപത്രി വളപ്പില്‍വച്ചു തന്നെ പീഡിപ്പിക്കപ്പെട്ടത്.
ഇന്നലെ രാത്രി എട്ടരയോടെ ആണ്‍സുഹൃത്തിനൊപ്പം വിദ്യാര്‍ത്ഥിനി ക്യാംപസിനു പുറത്തുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരികെ വരുന്ന സമയത്താണ് പ്രതി വിദ്യാര്‍ഥിനിയെ ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി വലിച്ചിഴച്ച് ബലാത്സംഗം ചെയ്തത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് ജീവനക്കാരെയും സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും ഉള്‍പ്പെടെ പോലീസ് ചോദ്യം ചെയ്യുകയാണ്. തന്റെ മകള്‍ അവളുടെ സുഹൃത്തിനൊപ്പം ഗോല്‍ഗപ്പ കഴിക്കാന്‍ പുറത്തുപോയതായിരുന്നുവെന്നും തിരികെ വരുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളുടെ പേരില്‍ മമതാ ബാനര്‍ജി സര്‍ക്കാറിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്ന സമയത്താണ് പുതിയ സംഭവം.

Advertisement