ഹണിട്രാപ്പിലൂടെ സൈന്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്താന് കൈമാറിയയാള്‍ അറസ്റ്റില്‍

Advertisement

ജയ്പൂര്‍: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ ഒരാള്‍ അറസ്റ്റില്‍. മംഗത് സിങ് എന്നയാളെയാണ് രാജസ്ഥാന്‍ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്. സൈന്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ പാകിസ്താന് കൈമാറിയതെന്നാണ് സൂചന. കഴിഞ്ഞ രണ്ടുവര്‍ഷമായി പാകിസ്താന്‍ ഹാന്‍ഡിലുകളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നെന്നാണ് ഇന്റലിജന്‍സ് പറയുന്നത്. സൈന്യമായി ബന്ധപ്പെട്ട നിരവധി നിര്‍ണായക വിവരങ്ങള്‍ പാകിസ്താന് ഇയാള്‍ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. അല്‍വാര്‍ ആര്‍മി കന്റോമെന്റ്,മറ്റ് തന്ത്രപ്രധാനമായ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാള്‍ കൈമാറിയതെന്നും രാജസ്ഥാന്‍ ഇന്റലിജന്‍സ് വിഭാഗം പറയുന്നു.
ഹണിട്രാപ്പിലൂടെയാണ് മംഗതിനെ പാകിസ്താന്‍ ചാരവൃത്തിയിലെത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ‘ഇഷ ശര്‍മ്മ’ എന്ന പേരിലുള്ള പാകിസ്താന്‍ വനിതാ ഹാന്‍ഡലറാണ് ഇയാളെ ഹണിട്രാപ്പില്‍ കുടുക്കിയതെന്നും ചാരവൃത്തിക്കായി കൂടുതല്‍ പണം വാഗ്ദാനം ചെയ്തതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍വാര്‍ കന്റോണ്‍മെന്റ് പ്രദേശത്തിന് സമീപം സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മംഗത് സിങ് നിരീക്ഷണത്തിലായിരുന്നുവെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്ത്യന്‍ സൈനിക നീക്കങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പങ്കിട്ടതിന് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറിനുള്ളില്‍ പുറത്ത് വിടുമെന്നും അധികൃതര്‍ അറിയിച്ചു. സാധാരണക്കാരെ ഉപയോഗിച്ച് ചാരപ്രവര്‍ത്തനം നടത്താനുള്ള ശ്രമങ്ങള്‍ പാകിസ്താന്‍ ഹാന്‍ഡിലുകളില്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Advertisement