സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ അഭിഭാഷകന്‍റെ ഷൂ ഏറ്

Advertisement

ന്യൂഡെല്‍ഹി.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ അഭിഭാഷകന്റെ അതിക്രമ ശ്രമം. ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിച്ചു. സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് പറഞ്ഞായിരുന്നു അതിക്രമം. ഇതൊന്നും തന്നെ ബാധിക്കില്ല എന്ന് ചീഫ് ജസ്റ്റിസിന്റെ മറുപടി. അക്രമശ്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്ന് രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ച് ചേർന്ന സമയത്താണ് കോടതി മുറുക്കുള്ളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അഭിഭാഷകർ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കുനേരെ ഷൂ എറിയാൻ ശ്രമിച്ചത്. സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കാൻ ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകൻ രാകേഷ് കിഷോറിന്റെ അതിക്രമ ശ്രമം. കൃത്യസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ശ്രമം പരാജയപ്പെടുത്തി, അതിക്രമം നടത്തിയ അഭിഭാഷകനെ പോലീസിൽ ഏൽപ്പിച്ചു.

ഇതൊന്നും തന്റെ പ്രവർത്തിയെ ബാധിക്കില്ല എന്നായിരുന്നു ചീഫ് ജസ്റ്റിന്റെ മറുപടി. ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് അത് ദൈവത്തോട് പോയി പറയൂ എന്ന് അഭിപ്രായപ്പെട്ടിരുന്നു.ഇതിനെതിരെ ചില ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് ചീഫ് ജസ്റ്റിസിനെതിരെ കോടതിയില്‍ പ്രതിഷേധം ഉണ്ടായതെന്നാണ് വിവരം. സംഭവത്തെ അപലപിച്ച് അഭിഭാഷക സംഘടനകളും രംഗത്തെത്തി.

ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. സംഘപരിവാറിന്റെ വിഷലിപ്തമായ വർഗീയ പ്രചാരണമാണ് ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

Advertisement