ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയായ ചെന്നൈയിലെ വണ്ടല്ലൂർ മൃഗശാലയിൽ സിംഹത്തെ കാണാതായത് സമീപ പ്രദേശങ്ങളിൽ പരിഭ്രാന്തി പരത്തി. മൃഗശാലയുടെ സഫാരി മേഖലയിൽ ഡ്രോണുകളും തെർമൽ ഇമേജിങ് ക്യാമറകളും ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണ്. ഷേരു എന്ന ആറ് വയസുള്ള സിംഹത്തെയാണ് നാല് ദിവസമായി അധികൃതർ തിരയുന്നത്.
അരിജ്ഞർ അണ്ണാ മൃഗശാലയിലെ സഫാരി മേഖലയിലേക്കാണ് സിംഹത്തെ തുറന്നുവിട്ടത്. ബംഗളൂരു ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്നു മൂന്ന് വർഷം മുൻപാണ് ഷേരുവിനെ വണ്ടല്ലൂരിൽ എത്തിച്ചത്. വ്യാഴാഴ്ച ആദ്യമായി തുറന്നുവിട്ടതിനു പിന്നാലെയാണ് കാണാതായത്. രാത്രി ഭക്ഷണ സമയമാകുമ്പോൾ അതു തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതുവരെ സിംഹത്തെ കണ്ടെത്താനായിട്ടില്ല.
മൃഗശാലയ്ക്കുള്ളിൽ 20 ഹെക്ടർ വരുന്ന സ്വാഭാവിക വനഭൂമിയാണ് സഫാരിയ്ക്കായി ഉപയോഗിക്കുന്നത്. ഇവിടേക്ക് തുറന്നുവിടുന്ന മൃഗങ്ങളെ സന്ദർശകർക്ക് വാഹനത്തിൽ പോയി അടുത്തു കാണാം. രണ്ട് സിംഹങ്ങളാണ് ഒരുസമയം ഇവിടെയുണ്ടാകുക. നേരത്തെ സഫാരിയ്ക്കു ഉപയോഗിച്ചിരുന്ന സിംഹത്തിനു പ്രായമായതിനെ തുടർന്നാണ് ഷേരുവിനെ തുറന്നുവിടാൻ തീരുമാനിച്ചത്.
പുതിയ സ്ഥലവുമായി പരിചയമാകാത്തതിനാലാണ് സിംഹം തിരിച്ചു വരാത്തത് എന്നാണ് മൃഗശാല അധികൃതർ പറയുന്നത്. കുറ്റിക്കാടുകൾ നിറഞ്ഞ സ്ഥലത്ത് ഒളിച്ചാൽ കണ്ടെത്താൻ എളുപ്പമല്ല.
മൃഗശാലയിലെ സഫാരി മേഖല 15 അടി ഉയരമുള്ള ഇരുമ്പു കമ്പിവേലി കൊണ്ടു സുരക്ഷിതമാക്കിയതാണെന്നു അധികൃതർ പറയുന്നു. അതുകൊണ്ടു തന്നെ സിംഹത്തിനു പുറത്തേക്ക് രക്ഷപ്പെടാൻ കഴിയില്ല.
































