മുംബൈ: നാല് മാസം പ്രായമായ കുഞ്ഞിനെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തി അച്ഛനും ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ തൽവാഡ ഗ്രാമത്തിലാണ് സംഭവം. പകുതി വെള്ളം നിറച്ച ഡ്രമ്മിലേക്ക് പിഞ്ചു കുഞ്ഞിനെ എറിഞ്ഞ് അച്ഛൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മഹാരാഷ്ട്ര പൊലീസ് പറഞ്ഞു.
ഇതിന് തൊട്ടു പിന്നാലെ കുഞ്ഞിന്റെ അച്ഛൻ അമോൽ സോനാവാൻ ആത്മഹത്യ ചെയ്യുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുമ്പോൾ പിങ്ക് നിറത്തിലുള്ള ടീ-ഷർട്ടും ഡയപ്പറും ധരിച്ച നിലയിലാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിനൊപ്പം ഒരു പ്ലാസ്റ്റിക് കപ്പും കിടക്കുന്നത് കാണാം.
ഇയാൾ മുൻപും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ്, കുടുംബ വഴക്കിനെത്തുടർന്ന് അമോലും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് കൂട്ടിച്ചേർത്തു. എന്നാൽ അന്ന് കൃത്യസമയത്ത് അവരെ രക്ഷപ്പെടുത്താനായി. ഈ സംഭവത്തിന് ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ദമ്പതികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതെന്നും പൊലീസ് പറയുന്നു. അമോലിന്റെയും മരിച്ച ആൺ കുഞ്ഞിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി തൽവാര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



































