ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

Advertisement

ന്യൂഡൽഹി: ആർ‌എസ്‌എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാദ്യമായാണ് ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കുന്നത്. 


ബുധനാഴ്ച പുറത്തിറക്കിയ 100 രൂപ നാണയത്തിൽ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയിൽ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണുള്ളത്. സ്വയംസേവകർ ഭാരതാംബയെ വണങ്ങുന്നതായി ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. ആർ‌എസ്‌എസ് ആപ്തവാക്യവും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. 1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർ‌എസ്‌എസ് സ്വയംസേവകർ പങ്കെടുത്തത് പ്രത്യേക തപാൽ സ്റ്റാമ്പിൽ ചിത്രീകരിച്ചിരിക്കുന്നു.
‘സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭാരതാംബയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്തിരിക്കുന്നു. ഇത് അഭിമാനത്തിന്റെയും ചരിത്ര പ്രാധാന്യത്തിന്റെയും നിമിഷമാണ്’.- പ്രധാനമന്ത്രി മോദി പ്രകാശന ചടങ്ങിൽ പറഞ്ഞു. ഭാരതാംബയ്ക്കും ആർ‌എസ്‌എസിന്റെ ഒരു നൂറ്റാണ്ടു നീണ്ട സേവനത്തിന്റെയും സമർപ്പണബോധത്തിന്റെയും യാത്രയ്ക്കും നൽകുന്ന അഭിമാനകരമായ ആദരമാണ് ഈ നിമിഷമെന്ന് മോദി വിശേഷിപ്പിച്ചു.

Advertisement