ഷിംല: ഹിമാചല്‍ പ്രദേശിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഒപ്പിട്ട ചെക്ക് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അതിലെ ഗുരുതരമായ അക്ഷരത്തെറ്റുകള്‍ കാരണമാണെന്ന് മാത്രം. നല്‍കിയ ചെക്ക് ബാങ്ക് നിരസിച്ചു എന്ന് മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ പരിഹാസങ്ങള്‍ ഏറ്റുവാങ്ങുകയാണ് പ്രിന്‍സിപ്പല്‍. സെപ്തംബര്‍ 25 എന്ന തീയതി വെച്ച ചെക്ക് ഉച്ചഭക്ഷണ തൊഴിലാളിക്കായി നല്‍കിയതാണ്.
അത്തര്‍ സിംഗ് എന്ന വ്യക്തിയുടെ പേരില്‍ 7,616 രൂപയ്ക്കാണ് ചെക്ക് ഒപ്പിട്ടത്. ചെക്ക് എഴുതിയ വ്യക്തി സംഖ്യ അക്ഷരത്തില്‍ എഴുതിയതിലാണ് പിശകുകള്‍ സംഭവിച്ചത്. ‘Seven’ എന്നതിന് പകരം ‘saven’ എന്നാണ് എഴുതിയത്. തുടര്‍ന്ന് ‘thousand’ എന്നതിന് പകരം ‘Thursday’ എന്നും എഴുതി. ‘Six’ എന്ന് ശരിയായി എഴുതിയപ്പോള്‍, ‘hundred’ എന്നതിന് പകരം ‘harendra’ എന്നാണ് എഴുതിയത്. അവസാനമായി, ‘sixteen’ എന്നെഴുതുന്നതിന് പകരം ‘sixty’ എന്നും എഴുതി.
സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ് ചെക്ക് എഴുതിയത് എന്നതിനെ കുറിച്ച് വ്യക്തതയില്ലെങ്കിലും, ഒപ്പിടുന്നതിന് മുമ്പ് അക്ഷരത്തെറ്റുകള്‍ പരിശോധിക്കാത്തതിനെക്കുറിച്ച് ആളുകള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉത്തരവാദിത്തത്തിന്റെയും ഗുണനിലവാരത്തിന്റെയും അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണിത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
‘പേനയുടെ ഓട്ടോ കറക്റ്റ് സിസ്റ്റത്തിന് സംഭവിച്ച തകരാര്‍!’ എന്നുാണ് ഒരാള്‍ എക്‌സില്‍ കുറിച്ചത്. സാക്ഷരതാ പരിപാടികളിലും അധ്യാപക പരിശീലനത്തിലും സംസ്ഥാനം വന്‍തോതില്‍ നിക്ഷേപം നടത്തുമ്പോള്‍, ഇതുപോലുള്ള വീഴ്ചകള്‍ പൊതുജനവിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
































