പരസ്യമില്ലാതെ യൂട്യൂബ് കാണാനുള്ള അവസരം; പുതിയ പ്ലാന്‍ അവതരിപ്പിച്ചു

Advertisement

പ്രതിമാസം 89 രൂപ നിരക്ക് വരുന്ന പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് യൂട്യൂബ്്.
ഗെയിമിങ്, ഫാഷന്‍, വാര്‍ത്തകള്‍ അടക്കം മിക്ക വീഡിയോകളും പരസ്യമില്ലാതെ കാണാനുള്ള അവസരമാണ് ഇത് ഒരുക്കുന്നത്. ‘ഇന്ന് ഞങ്ങള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് വേണ്ടി പ്രീമിയം ലൈറ്റ് വികസിപ്പിക്കാന്‍ തുടങ്ങി. പ്രതിമാസം 89 രൂപയ്ക്ക് യൂട്യൂബിലെ മിക്ക വീഡിയോകളും പരസ്യരഹിതമായി ആസ്വദിക്കാന്‍ പ്രീമിയം ലൈറ്റ് കാഴ്ചക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നു. കുറഞ്ഞ നിരക്കിലാണ് ഈ സേവനം ലഭിക്കുക’- ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ പറഞ്ഞു. 12.5 കോടി വരിക്കാരിലേക്ക് യൂട്യൂബ് എത്തുന്ന സാഹചര്യത്തിലാണ് ഈ വിപുലീകരണം.

സംഗീത ഉള്ളടക്കം, യൂട്യൂബ് ഷോര്‍ട്സ്, സെര്‍ച്ച് എന്നിവ ഒഴികെയുള്ള എല്ലാ വീഡിയോകളും യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പരസ്യമില്ലാതെ ആസ്വദിക്കാനാകും. സ്റ്റാന്‍ഡേര്‍ഡ് പ്രീമിയം പ്ലാനില്‍ നിന്ന് വ്യത്യസ്തമായി, പ്രീമിയം ലൈറ്റില്‍ പരസ്യരഹിത യൂട്യൂബ് മ്യൂസിക് ഉള്‍പ്പെടുന്നില്ല. കൂടാതെ, ഓഫ്‌ലൈന്‍ ഡൗണ്‍ലോഡുകള്‍, ബാക്ക്ഗ്രൗണ്ട് പ്ലേബാക്ക് പോലുള്ള ഫീച്ചറുകളും ഇതില്‍ ലഭ്യമല്ല. സ്മാര്‍ട്ട്‌ഫോണുകളിലും ലാപ്‌ടോപ്പുകളിലും സ്മാര്‍ട്ട് ടിവികളിലും പ്രീമിയം ലൈറ്റ് തടസ്സമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് കമ്പനി പറയുന്നു.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും നിരക്ക് കുറഞ്ഞ യൂട്യൂബ് പ്രീമിയം പ്ലാനിന് മാസം തോറും 149 രൂപയാണ് ഉപയോക്താക്കള്‍ നല്‍കേണ്ടിയിരുന്നത്. ഈ പാക്കേജിലും മിക്ക വീഡിയോകളും ആഡ്-ഫ്രീ ആയിരുന്നെങ്കിലും മ്യൂസിക് കണ്ടന്റുകളിലും യൂട്യൂബ് ഷോര്‍ട്‌സിലും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുമായിരുന്നു. കണ്ടന്റുകള്‍ക്കായി സെര്‍ച്ച് ചെയ്യുമ്പോഴും പരസ്യങ്ങള്‍ തടസപ്പെടുത്തുമായിരുന്നു. എന്നാല്‍ പ്രീമിയം ലൈറ്റ് പ്ലാന്‍ വന്നതോടെ 89 രൂപക്ക്, മുമ്പ് 149 രൂപ നല്‍കി നേടിയിരുന്ന മിക്ക സൗകര്യങ്ങളും യൂട്യൂബില്‍ നേടാനാകും. എന്നാല്‍ സമ്പൂര്‍ണമായി പരസ്യരഹിതവും ഓണ്‍ലൈന്‍ ഡൗണ്‍ലോഡും ബാക്ക്ഗ്രൗണ്ട് പ്ലേബാക്കും പോലുള്ള ആനുകൂല്യങ്ങള്‍ വേണമെന്നുള്ളവര്‍ക്ക് യൂട്യൂബ് അധികൃതര്‍ ഇപ്പോഴും സ്റ്റാന്‍ഡേര്‍ഡ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ തന്നെയാണ് നിര്‍ദേശിക്കുന്നത്.

Advertisement