ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഗുരുഗ്രാമിലാണ് സംഭവം. ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശി അജയകുമാറും(30) ബംഗാൾ സ്വദേശി സ്വീറ്റി ശർമ(28)യുമാണ് മരിച്ചത്. ഗുരുഗ്രാമിലെ ഐടി കമ്പനി ജീവനക്കാരായ ഇരുവരും മൂന്നു വർഷം മുൻപാണ് വിവാഹം കഴിഞ്ഞത്. കുടുംബവഴക്കിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ അജയകുമാർ, സുഹൃത്തിന് വീഡിയോ സന്ദേശമയച്ച ശേഷമാണ് ജീവനൊടുക്കിയത്.
വീഡിയോ സന്ദേശം ലഭിച്ച സുഹൃത്താണ് പൊലീസിൽ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് സെക്ടർ 37ലെ ഫ്ലാറ്റിലെത്തിയപ്പോൾ സ്വീറ്റി ശർമയെ തറയിൽ മരിച്ച നിലയിലും കുമാറിനെ ഫാനിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടത്. ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നെന്ന് വീഡിയോയിൽ കുമാർ പറയുന്നുണ്ട്. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്തെന്ന് വ്യക്തമല്ല. സ്വീറ്റിയുടെ കുടുംബം കൊലപാതകമാണെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
































