പൂജ ചെയ്ത തേങ്ങ വലിച്ചെറിഞ്ഞ് ട്രെയിൻ യാത്രികൻ, പാലത്തിലൂടെ നടന്ന 30കാരന് ദാരുണാന്ത്യം

Advertisement

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാർ നദിയിലേക്ക് വലിച്ചെറിഞ്ഞത് തേങ്ങ. തലയിൽ തേങ്ങ വീണ് 30 കാരന് ദാരുണാന്ത്യം. മുംബൈ വസായി പഞ്ജു ദ്വീപ് സ്വദേശിയായ സഞ്ജയ് ബോർ എന്ന 30കാരനാണ് ഞായറാഴ്ച മരിച്ചത്. നൈഗോൺ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്ന യുവാവിന്റെ തലയിലാണ് അജ്ഞാതർ ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ തേങ്ങ വന്ന് വീണത്.

ശനിയാഴ്ച രാവിലെ 8.30ഓടെയാണ് അപടമുണ്ടായത്. ട്രെയിൻ നൈഗോൺ ഭയന്ദർ റെയിൽവേ പാലത്തിന് സമീപത്തെത്തിയപ്പോഴാണ് യാത്രക്കാരൻ തേങ്ങ നദിയിലേക്ക് വലിച്ചെറിഞ്ഞത്. തലയിൽ തേങ്ങ നേരെ വന്ന് പതിച്ചതോടെ യുവാവ് കുഴഞ്ഞുവീണു. സമീപത്തുണ്ടായിരുന്നവർ യുവാവിനെ വസായിയിലെ സർ ഡിഎം പെറ്റിറ്റ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ട്രെയിനിൽ നിന്ന് തേങ്ങ വലിച്ചെറിഞ്ഞയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്.

സമാന രീതിയിൽ ദ്വീപ് നിവാസികൾക്ക് പരിക്കേറ്റ സംഭവങ്ങൾ പതിവ്

അപകടമരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നേരത്തെയും സമാനമായ അപകടം മേഖലയിൽ ഉണ്ടായിട്ടുണ്ട്. പൂജ ചെയ്ത തേങ്ങയും മറ്റ് വസ്തുക്കളും ആളുകൾ ട്രെയിനിൽ നിന്ന് നദിയിലേക്ക് വലിച്ചെറിയുന്നതിനിടെ സമാനമായ സംഭവങ്ങൾ നേരത്തെയും മേഖലയിൽ ഉണ്ടായിട്ടുണ്ട്. പ്ലാസ്റ്റിക് കവറിലാക്കിയ വിഗ്രഹങ്ങളും ഇതിന് മുൻപ് ഇത്തരത്തിൽ നദിയിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലോക്കൽ ട്രെയിനുകളിൽ നിന്നുള്ള ഇത്തരം അശ്രദ്ധമായ നടപടിയിൽ നേരത്തെയും ദ്വീപ് നിവാസികൾക്ക് പരിക്കേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്.

Advertisement