41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. വില്ലുപുരം സ്വദേശി വി അയ്യപ്പനെ(51)യാണ് വീടുനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കരൂർ ദുരന്തത്തിന്റെ വിഷാദത്തിലാണ് ആത്മഹത്യ. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
അതേസമയം റാലിയുടെ സംഘാടകരിൽ ഒരാളായ ടിവികെ ജില്ലാ സെക്രട്ടറി മതിയഴകനെ പൊലീസ് അറസ്‌റ്റ്‌ചെയ്‌തിരുന്നു. മതിയഴകനെ കൂടാതെ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആനന്ദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി ടി ആർ നിർമൽകുമാർ, മറ്റ് ടിവികെ പ്രവർത്തകർ എന്നിവരെ പ്രതികളാക്കി പൊലീസ് നേരത്തെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു.
റിപ്പോർട്ടിൽ പ്രസിഡന്റ് വിജയ് അടക്കം ടിവികെ നേതാക്കൾക്കെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. സംഘാടകർ പൊലീസിന്റെ തുടർച്ചയായ മുന്നറിയിപ്പ് അവഗണിച്ചതും അനിയന്ത്രിതമായി എത്തിയ ജനക്കൂട്ടത്തെ ശക്തിപ്രകടനത്തിന് ഉപയോഗിച്ചതുമാണ് ദുരന്തകാരണം. മണിക്കൂറുകൾ വൈകിയെത്തിയ വിജയ്, പലയിടത്തും അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതും ദുരന്തത്തിന് കാരണമായി.
































