കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാവും നടനുമായ വിജയിയെ പ്രതിക്കൂട്ടിലാക്കി എഫ്ഐആര്‍. ദുരന്തത്തിന് കാരണം ടിവികെ അധ്യക്ഷനും നടനുമായ വിജയ് വൈകി എത്തിയതിനാലെന്നും എഫ്‌ഐആറില്‍ പറയുന്നു. കൂടുതല്‍ ആളുകള്‍ എത്താന്‍ പരിപാടി മനപൂര്‍വം വൈകിപ്പിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. പ്രവര്‍ത്തകര്‍ മരച്ചില്ലയിലും കെട്ടിടത്തിലും കയറിനിന്നു. കൂടുതല്‍ ആളുകള്‍ കയറിനിന്നത് മരച്ചില്ല ഒടിയാന്‍ കാരണമായെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.
അതേസമയം, കരൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി വിജയ് ഹൈക്കോടതിയില്‍. പൊലീസും കലക്ടറും തടസം നില്‍ക്കരുതെന്നും ആവശ്യം. സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ ഉത്തരവിടണമെന്നും ആവശ്യം. സ്വതന്ത്ര അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടുള്ള ടിവികെയുടെ ഹര്‍ജി ഇന്ന് കേള്‍ക്കില്ല. പ്രത്യേക സിറ്റിങ് റദ്ദാക്കിയതായി ജഡ്ജിമാര്‍ അറിയിച്ചു. അതിനിടെ കരൂര്‍ ദുരന്തം നടന്ന രാത്രി നീലാങ്കരയിലെ വീട്ടിലെത്തിയ വിജയ് ആദ്യമായി പുറത്ത് ഇറങ്ങി. ഇന്നലെ ജസ്റ്റിസ് ദണ്ഡപാണിയുടെ വീട്ടില്‍ എത്തിയാണ് ടിവികെ ഹര്‍ജി നല്‍കിയത്. ഇന്ന് പ്രത്യേക സിറ്റിങ് നടത്തും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് തീരുമാനം മാറ്റുകയായിരുന്നു. അവധിക്കാല ബഞ്ച് ഇനി വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ചേക്കും.
കരൂര്‍ ദുരന്തം നടന്ന അന്ന് രാത്രി നീലങ്കരയിലെ വീട്ടില്‍ കയറിയതായിരുന്നു വിജയ്. പിന്നീട് പുറത്ത് ഇറങ്ങുന്നത് ഇന്നാണ്. മാധ്യമങ്ങള്‍ക്ക് അടക്കം ഒരു സൂചനയും നല്‍കാതെ ആയിരുന്നു നീക്കം. പട്ടിണപാക്കത്തെ ഫ്‌ലാറ്റിലേക്ക് ആണ് വിജയ് എത്തിയത്. ഇവിടെ വച്ച് നിയമ വിദഗ്ധരുമായി ഓണ്‍ലൈന്‍ യോഗം ചേരുന്നുവെന്ന റിപ്പോര്‍ട്ടുണ്ട്. കരൂരിലേക്ക് പോകാന്‍ വിജയ് അനുമതി തേടിയെങ്കിലും പോലീസ് നിഷേധിച്ചു. സുരക്ഷ കാരണങ്ങള്‍ കാണിച്ച് ആണ് നടപടി.
































