വീര്‍ ഹനുമാന്‍ എന്ന പുരാണ പരമ്പരയില്‍ ലക്ഷ്മണനെ അവതരിപ്പിച്ച ടെലിവിഷന്‍ താരത്തിനും സഹോദരനും ദാരുണാന്ത്യം

Advertisement

രാജസ്ഥാനിലെ കോട്ടയില്‍ കെട്ടിടത്തിനു തീപിടിച്ചുണ്ടായ അപകടത്തില്‍ ടെലിവിഷന്‍ താരത്തിനും സഹോദരനും ദാരുണാന്ത്യം. പത്തുവയസുകാരന്‍ വീര്‍ ശര്‍മയും സഹോദരന്‍ ശൗര്യ ശര്‍മ (25) യുമാണ് മരിച്ചത്. കോട്ട അനന്തപുരയിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. സംഭവസമയത്ത് ഇവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കനത്ത പുകയെത്തുടര്‍ന്ന് ശ്വാസംമുട്ടിയാണ് രണ്ട് കുട്ടികളും മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ വാതില്‍ തകര്‍ത്താണ് കുട്ടികളെ പുറത്തെത്തിച്ചത്. അബോധാവസ്ഥയിലായിരുന്ന കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയിെേലത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ ഡ്രോയിങ് റൂം പൂര്‍ണ്ണമായും കത്തിനശിച്ചു. ഫ്‌ലാറ്റിന്റെ മറ്റ് ഭാഗങ്ങളിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി.
കോട്ടയിലെ ഒരു സ്വകാര്യ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാക്കല്‍റ്റി അംഗമായ ജിതേന്ദ്ര ശര്‍മ്മയുടെയും ബോളിവുഡ് നടി റീത്ത ശര്‍മ്മയുടെയും മക്കളാണ് ശൗര്യയും വീറും. വീര്‍ ഹനുമാന്‍ എന്ന പുരാണ പരമ്പരയില്‍ ലക്ഷ്മണനെ അവതരിപ്പിച്ചാണ് വീര്‍ ശ്രദ്ധേയനായത്. വരാനിരിക്കുന്ന ഒരു സിനിമയില്‍ നടന്‍ സെയ്ഫ് അലി ഖാന്റെ ബാല്യകാല വേഷം അവതരിപ്പിക്കാനും ഒരുങ്ങിയിരുന്നു. ഐഐടി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു ശൗര്യ. രണ്ട് പേരുടെയും കണ്ണുകള്‍ ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു.

Advertisement