കരൂർ ദുരന്തം: മരിച്ച 39-പേരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കുമെന്ന് വിജയ്

Advertisement

കരൂർ: തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും നടനുമായ വിജയ് നയിച്ച റാലിക്കിടെ തിക്കിലും തിരക്കുമുണ്ടായുള്ള ദുരന്തത്തിൽ മരിച്ച 39പേരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കുമെന്ന് അധ്യക്ഷന്‍ വിജയ്. പരുക്കേറ്റ നൂറോളം വരുന്നവര്‍ക്ക് രണ്ടു ലക്ഷം വീതവും നല്‍കുമെന്ന് താരം എക്സിലൂടെ അറിയിച്ചു. പാർട്ടിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴിയായിരുന്നു റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വിജയ് അറിയിച്ചത്. 
അങ്ങേയറ്റം നെഞ്ചുലഞ്ഞ വാക്കുകളാണ് അദ്ദേഹം പോസ്റ്റിലൂടെ പങ്കുവച്ചത്. ‘ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന വേദന പ്രകടിപ്പിക്കാൻ വാക്കുകളില്ല. എന്റെ കണ്ണുകളും മനസ്സും ദുഃഖത്താൽ മൂടിയിരിക്കുന്നു. ഞാൻ കണ്ട നിങ്ങളുടെ ഓരോരുത്തരുടേയും മുഖങ്ങൾ മനസ്സിലൂടെ മിന്നിമറയുന്നു. സ്നേഹവും വാത്സല്യവും കാണിക്കുന്ന എന്റെ പ്രിയപ്പെട്ടവരെക്കുറിച്ചോര്‍ക്കുമ്പോള്‍ വേദനയാല്‍ നീറിപ്പുകയുകയാണെന്നും വിജയ് പറയുന്നു.

ഈ വലിയ ദുഃഖത്തിൽ നിങ്ങളുടെ ഹൃദയത്തോട് ചേർന്ന് ഞാനുണ്ട്. ഇത് നികത്താനാവാത്ത നഷ്ടമാണ്. ആര് ആശ്വസിപ്പിച്ചാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണെന്നും വിജയ് കുറിക്കുന്നു. ഈ നഷ്ടത്തിന് മുന്നിൽ ഈ തുക വലുതല്ല. എന്നിട്ടും, ഈ നിമിഷം, എന്റെ പ്രിയപ്പെട്ടവരെ, നിങ്ങളോടൊപ്പം നിൽക്കേണ്ടത് എന്റെ കടമയാണ്. അതുപോലെ, പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന എല്ലാ പ്രിയപ്പെട്ടവരും വേഗത്തിൽ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെത്താൻ ഞാൻ പ്രാർത്ഥിക്കുന്നു. ദൈവാനുഗ്രഹത്താൽ ഇതിൽ നിന്നെല്ലാം കരകയറാൻ ശ്രമിക്കാമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ഡിഎംകെ സർക്കാർ മരിച്ചവർക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കും.

Advertisement