കരൂർ ദുരന്തം: വിജയ്യുടെ പാർട്ടിക്ക് എതിരെ കേസ്

Advertisement

കരൂർ: തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും നടനുമായ വിജയ് നയിച്ച റാലിക്കിടെ തിക്കിലും തിരക്കുമുണ്ടായുള്ള ദുരന്തത്തിൽ കേസെടുത്തു. റാലിയുടെ മുഖ്യസംഘാടകനായ ടി.വി.കെയുടെ കരൂര്‍ വെസ്റ്റ് ജില്ല പ്രസിഡന്‍റ് വി.പി മതിയഴകനെതിരെയാണ് കേസെടുത്തത്. നാല് വകുപ്പുകള്‍ ചുമത്തിയാണ് വിജയ്‌യുടെ പാർട്ടിക്കെതിരെ കേസെടുത്തത്. വിജയ്‌ക്കെതിരെയും ഉടൻ കേസെടുത്തേക്കുമെന്നാണ് വിവരം. എന്നാൽ അറസ്റ്റ് പെട്ടെന്ന് ഉണ്ടാകില്ല.

ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം (109), കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി(125 ബി) അധികൃതര്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ടി.വി.കെയുടെ കരൂര്‍ വെസ്റ്റ് ജില്ല പ്രസിഡന്‍റിനെതിരെ ചുമത്തിയിരിക്കുന്നത്.

കരൂരിലെ വേലുസ്വാമിപുരത്ത് നടന്ന വമ്പൻ റാലിക്കിടെ ശനിയാഴ്ച രാത്രി 7.30നാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും എട്ട് കുട്ടികളും 16 സ്ത്രീകളുമടക്കം 39 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. പത്തുപേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. ചൂടും തിരക്കും കാരണം പലരും കുഴഞ്ഞ് വീഴുകയായിരുന്നു. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിന് മുകളിൽ കയറി വിജയ് സംസാരിക്കുമ്പോഴാണ് സംഭവം.

Advertisement