ന്യൂഡെല്‍ഹി. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗിക അതിക്രമ കേസിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്. പ്രതി പെൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിൽ
സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നതായും, പെൺകുട്ടികളുടെ പേര് മാറ്റാൻ നിർബന്ധിച്ചിരുന്നതായും എഫ്ഐആർ.
ചിലരെ ഇയാൾ ബേബി എന്നാണ് വിളിച്ചിരുന്നതെന്നും പെൺകുട്ടികളുടെ മൊഴിയിൽ പറയുന്നു.
വ്യാജ സ്വാമിക്കെതിരെ കേസെടുത്തതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് അശ്ലീല സന്ദേശമയക്കുന്ന ഇയാൾ
രാത്രിയിൽ മുറിയിലേക്ക് വരാനും ആവശ്യപ്പെട്ടിരുന്നു. രാത്രികാലങ്ങളിലാണ്
ഇയാൾ കൂടുതലും മെസ്സേജുകൾ അയക്കുന്നത്.
എതിർത്തപ്പോൾ ചിലരുടെ ഹാജർ നിലയിൽ കൃത്രിമം നടത്തിയതായും
പരീക്ഷക്ക് അനാവശ്യമായി മാർക്ക് കുറച്ചതായും വിവരമുണ്ട്. ഇക്കൊല്ലം
മാർച്ചിൽ സ്ഥാപനത്തിൽ നിന്ന് ഋഷികേഷിലേക്ക് യാത്ര പോയപ്പോഴും
പെൺകുട്ടികൾക്ക് ഇയാളിൽ നിന്ന് മോശം അനുഭവം ഉണ്ടായി. അവിടെ വച്ച്
ചൈതന്യാനന്ദ തൻറെ പുതിയ ബിഎംഡബ്ല്യു കാർ പൂജ നടത്തിയതായും മൊഴി ഉണ്ട്.
മൂന്ന് വനിത ജീവനക്കാരും, ഇൻസ്റ്റിറ്റ്യൂട്ട് ഡിനും പെൺകുട്ടികളെ സ്വാമിക്ക് വഴങ്ങാനും
പരാതി അവഗണിക്കാനും സമ്മർദം ചെലുത്തിയതായും എഫ്ഐആറിൽ പറയുന്നു.
ഒളിവിലുള്ള വ്യാജ സ്വാമിയെ കണ്ടെത്താൻ പൊലീസ് ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.





































