വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി, സ്വാമി ചൈതന്യാ നന്ദക്കെതിരെ കേസ്

Advertisement

ന്യൂഡെൽഹി. വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡൽഹി ശ്രീ
ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടർക്കെതിരെ കേസ്.
പാർത്ഥ സാരഥി എന്ന സ്വാമി ചൈതന്യാന്ദക്കെതിരെയാണ് ഡൽഹി പൊലീസ് കേസെടുത്തത്.
പതിനേഴ് പെൺകുട്ടികളാണ് പ്രതി ലൈംഗിക ചുവയോടെ സംസാരിച്ചെന്നും, കടന്നുപിടിച്ചെന്നും
കാണിച്ച് പൊലീസിൽ പരാതി നൽകിയത്.

ഡൽഹി വസന്ത് കുഞ്ചിലാണ് ശൃംഗേരി ശ്രീ ശാരദാ പീഠത്തിന്
കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്.
ഇവിടെ സ്കോളർഷിപ്പ് ലഭിച്ച്  പിജി ഡിപ്ലോമ കോഴ്സ് ചെയ്യുന്നത്
പിന്നോക്കാവസ്ഥയിലുള്ള 32 പെൺകുട്ടികൾ. ഇതിൽ 17 പേരാണ്
ഡയറക്ടർ ചൈതന്യാനന്ദക്കെതിരെ മൊഴി നൽകിയത്.
അശ്ലീല ചുവയോടെ മെസേജ് അയച്ചു, കടന്നുപിടിച്ചു എന്നിങ്ങനെയാണ്
പരാതി. ആശ്രമത്തിലെ വനിത ജീവനക്കാരും ഡയറക്ടറുടെ ഇംഗിതത്തിന്
വഴങ്ങാൻ നിർബന്ധിച്ചതായും പെൺകുട്ടികൾ ആരോപിച്ചു.
മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സ്ഥാപനത്തിൽ
പരിശോധന നടത്തി. ചൈതന്യാനന്ദ ഉപയോഗിച്ചിരുന്ന വോൾവോ കാറിലെ
നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. നയതന്ത്ര ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന
നമ്പർ പ്ലേറ്റാണ് ഉപയോഗിച്ചിരുന്നത്. സിസിടിവിയും പൊലീസ് പരിശോധിച്ചു.
പ്രതി  ആഗ്രയിലേക്ക് കടന്നതായാണ് വിവരം. കേസിൻറെ പശ്ചാത്തലത്തിൽ
ഇയാളെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ശ്രീ ശാരദ പീഠം അധികൃതർ നീക്കി. പ്രതി നിരവധി
കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

Advertisement