തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തനിക്കെതിരെ ഫയല്‍ ചെയ്ത 215 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദിപങ്കര്‍ ദത്ത, എ. ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. എങ്കിലും കേസിന്റെ ഉചിതമായ ഘട്ടത്തില്‍ കോടതിയെ സമീപിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കി.
സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ ജാക്വിലിന്‍ കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നു എന്നതാണ് പ്രോസിക്യൂഷന്റെ പ്രധാന വാദമെന്ന് അവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു. എന്നാല്‍, ഈ ഘട്ടത്തില്‍ ആരോപണങ്ങള്‍ മുഖവിലയ്ക്ക് എടുക്കേണ്ടിവരുമെന്നും ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വിചാരണയ്ക്ക് മുമ്പ് കുറ്റങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ദത്ത നിരീക്ഷിച്ചു. ഒരു സുഹൃത്ത് മറ്റൊരാള്‍ക്ക് എന്തെങ്കിലും നല്‍കുകയും, പിന്നീട് നല്‍കിയയാള്‍ ഒരു കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാവുകയും ചെയ്താല്‍ കാര്യങ്ങള്‍ പ്രയാസകരമാകുമെന്ന് പറഞ്ഞ അദ്ദേഹം കോടതി കീഴ്വഴക്കങ്ങള്‍ക്ക് വിധേയമാണെന്നും കൂട്ടിച്ചേര്‍ത്തു.
ജാക്വിലിന്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് വിചാരണയിലൂടെ മാത്രമേ നിര്‍ണയിക്കാന്‍ കഴിയൂവെന്ന് നിരീക്ഷിച്ച ഡല്‍ഹി ഹൈക്കോടതി, ജൂലായ് മൂന്നിന് സമാനമായ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്.
































