ലഖ്നൗ: ദിവസങ്ങൾക്ക് മുൻപ് കാണാതായ ആളുടെ മൃതശരീരം അയൽവാസിയുടെ വീട്ടിലെ പെട്ടി യിൽ നിന്ന് കണ്ടെത്തി പൊലീസ്. ഉത്തർപ്രദേശിലെ എറ്റ ജില്ലയിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം കാണാതായ 50കാരന്റെ മൃതദേഹമാണ് കഷണങ്ങളാക്കി മുറിച്ച നിലയിൽ പെട്ടിയിൽ നിന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ വച്ച് പരിശോധന നടത്തിയതിലാണ് അയൽവാസിയുടെ വീട്ടിലേക്ക് എത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്യാം നാരായൺ സിംഗ് സ്ഥലത്തെത്തി പരിശോധന നടത്തി.
ജുജാർ സിംഗ് എന്നയാളെ ഞായറാഴ്ച്ച മുതൽ കാണാനില്ലെന്ന് പറഞ്ഞ് പരാതി നേരത്തെ ലഭിച്ചിരുന്നതായി സകീത് സർക്കിൾ ഓഫീസർ കീർത്തിക സിംഗ് പറഞ്ഞു. മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്താനായി നടത്തിയ പരിശോധനയിൽ അയൽക്കാരനായ ഇന്ദ്രപാൽ സിങ്ങിന്റെ വീടിലേക്ക് എത്തുകയായിരുന്നു. പരിസരത്ത് പരിശോധന നടത്തിയപ്പോൾ ഒരു വലിയ പെട്ടിയിൽ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവം പ്രദേശത്താകെ പരിഭ്രാന്തി സൃഷ്ടിക്കുകയും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. ഇതേത്തുടന്ന് ഇന്ദ്രപാൽ സിങ്ങിന്റെ കുടുംബം ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധിച്ചു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരെയും തിരിച്ചറിയാൻ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും കേസുമായി ബന്ധപ്പെട്ട് ഇത് വരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.


































