പൊലീസ് സ്റ്റേഷനിൽ റീൽ; വൻ വൈറലായപ്പോൾ ഇൻസ്പെക്ടറടക്കം വീട്ടിലെത്തി, ഡിലീറ്റ് ചെയ്യുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്ന് യുവതി!

Advertisement

ബരാബങ്കി: ഉത്തർപ്രദേശിലെ ബരാബങ്കിയിൽ പൊലീസ് സ്റ്റേഷനിൽ ഇൻസ്റ്റഗ്രാം റീൽ ചെയ്ത യുവതി, ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ആത്മഹത്യാ ഭീഷണി മുഴക്കി. ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോ ഡിലീറ്റ് ചെയ്യുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ zoyakhan.9513 എന്ന പേരിൽ അറിയപ്പെടുന്ന റൂഹിയാണ് റീൽ ചെയ്തത്. വീഡിയോ വൈറലായതിനെ തുടർന്ന് ഉത്തർപ്രദേശ് പൊലീസ് ഇവരെ തിരിച്ചറിയുകയും ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനായി ഒരു സബ് ഇൻസ്പെക്ടറും വനിതാ കോൺസ്റ്റബിളും റൂഹിയുടെ വീട്ടിലെത്തി. എന്നാൽ, വീഡിയോ ഡിലീറ്റ് ചെയ്യാൻ റൂഹി വിസമ്മതിച്ചു. പൊലീസ് നിർബന്ധം പിടിച്ചതോടെ യുവതി കത്തി എടുത്ത് സ്വയം മുറിവേൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

പിന്നീട് മറ്റൊരു വീഡിയോയിൽ പൊലീസ് തന്നെ ഉപദ്രവിക്കുകയാണെന്നും റീൽ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയാണെന്നും റൂഹി ആരോപിച്ചു. വീഡിയോ വൈറലാക്കാൻ പ്രേക്ഷകരോട് വീഡിയോയിൽ ആവശ്യപ്പെടുകയും ചെയ്തു. റീലുകൾ വൈറലാകാൻ ഏതാറ്റം വരെയും പോകാൻ തയ്യാറാകുന്ന പുതിയ തലമുറയെ കുറിച്ചുള്ള ചര്‍ച്ചകളിൽ ഇടംപിടിക്കുകയാണ് ഈ പുതിയ സംഭവവും.

Advertisement