‘പാര്‍ട്ടിയിൽ മുരടിപ്പ്, ചിലര്‍ പാര്‍ട്ടി സ്ഥാനം ഉപയോഗിച്ച് പണം ഉണ്ടാക്കുന്നു’; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടന റിപ്പോര്‍ട്ടിൽ രൂക്ഷവിമര്‍ശനം

Advertisement

ന്യൂഡൽഹി: പാർട്ടിയിൽ മുരടിപ്പെന്ന് 25ാം സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സംഘടന റിപ്പോർട്ടിൽ വിമർശനം. 32 പേജുള്ള കരട് സംഘടനാ റിപ്പോര്‍ട്ടിലാണ് വിമർശനം. ചില നേതാക്കൾ ഒരേ പദവിയിൽ നിന്ന് മാറാതിരിക്കുകയാണെന്നും ഇത് പാർട്ടിയുടെ ഊർജ്ജം കെടുത്തുകയാണെന്നുമാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം.

യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മറ്റു പാര്‍ട്ടികളിലെ ‘അന്യ പ്രവണതകൾ’ സിപിഐയിലും കൂടിവരുകയാണെന്നും ചിലർ പാർട്ടി സ്ഥാനം ഉപയോഗിച്ച് പണം ഉണ്ടാക്കുകയാണെന്നും മത്സരിക്കാൻ സീറ്റു കിട്ടാത്തവർ പാർട്ടി വിടുകയാണെന്നും വിമര്‍ശനമുണ്ട്. സ്ഥാനങ്ങളിൽ നിന്ന് മാറിയാൽ പാർട്ടിയെ അപമാനിക്കുന്നു. പുരുഷ മേധാവിത്വ പ്രവണത പാർട്ടിയിലുണ്ട്.സ്ത്രീകൾക്ക് അധികാരം നല്കാൻ പാടില്ലെന്ന ചിന്ത പാർട്ടിയിലുണ്ടെന്നും ഫണ്ട് പിരിവിൽ കേരളം മാതൃകയാണെന്നും ജനങ്ങളിലേക്കെത്തിയാണ് കേരളത്തിൽ ഫണ്ട് പിരിവെന്നും റിപ്പോര്‍ട്ടിലുണ്ട്.എപ്പോഴും വലിയ പാർട്ടികളെയും സഖ്യത്തെയും ആശ്രയിക്കരുതെന്നും സ്വന്തം ശക്തി കൂട്ടാനും സഖ്യമില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കാനും തയ്യാറാകണമെന്നും വിമര്‍ശനമുണ്ട്.

സിപിഐ പാർട്ടി കോൺഗ്രസിന് പൊതു സമ്മേളനത്തോടെ ചണ്ഡീഗഡിൽ തുടക്കമായി. പാര്‍ട്ടി കോണ്‍ഗ്രസ് റാലിയും പൊതുസമ്മേളനവും നടന്നു. ദീപശിഖ, പതാക എന്നിവ റെഡ് വളണ്ടിയര്‍മാര്‍ സമ്മേളന വേദിയിൽ എത്തിച്ചു. പൊതുസമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സംസാരിച്ചു. കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാരിനെ നേരിടുമെന്ന് ഡി രാജ പൊതുസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസ് തുടങ്ങുമ്പോൾ നേതൃമാറ്റം പ്രധാന ചർച്ചയായി മാറുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിന് മുമ്പായി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഡി. രാജ മാറണം എന്ന നിലപാട് കേരള ഘടകം പരസ്യമാക്കി. പ്രായപരിധി ആർക്ക് വേണ്ടിയും ഇളവ് ചെയ്യാൻ ആവില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്നാൽ, പാർട്ടി കോൺഗ്രസ് തീരുമാനിക്കട്ടെ എന്ന് ഡി രാജയെ അനുകൂലിക്കുന്നവർ തിരിച്ചടിച്ചു.

എഴുപത്തഞ്ച് വയസ് പ്രായപരിധി പിന്നിട്ട ഡി രാജ ഈ മാനദണ്ഡം നിർബന്ധമല്ല എന്നാണ് വാദിക്കുന്നത്. എന്നാൽ ഇത് നേരത്തെ പാർട്ടി കോൺഗ്രസ് നിശ്ചയിച്ചത് ആണെന്നും വ്യക്തിയെ നോക്കി ഇളവ് പറ്റില്ലെന്നുമാണ് കേരള ഘടകം പരസ്യമായി തന്നെ വാദിക്കുകയാണ്. സംസ്ഥാന ഘടകത്തിലെ പ്രകാശ് ബാബുവും പി സന്തോഷ് കുമാറും ബിനോയ് വിശ്വത്തിന്‍റെ നിലപാട് ആവർത്തിച്ചു. എന്നാൽ യുപി, പഞ്ചാബ് അടക്കം വടക്കേ ഇന്ത്യൻ ഘടകങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് ഡി രാജയുടെ നീക്കം. പ്രായ പരിധിയെ കുറിച്ച് സമ്മേളനത്തിന് പുറത്ത് അഭിപ്രായം പറയുന്നതിലെ അതൃപ്തി ആനി രാജ പ്രകടിപ്പിച്ചു. ചരിത്രപരമായ പാർട്ടി കോൺഗ്രസ് ആയിരിക്കുമെന്നും ജനൻസെക്രട്ടറിയെ തീരുമാനിക്കേണ്ടത് പ്രതിനിധികൾ തീരുമാനിക്കുമെന്നും പുറത്ത് നിന്നല്ല തീരുമാനം പറയേണ്ടതെന്നും ആനി രാജ പറഞ്ഞു. ഭരണഘടന പ്രകാരം തന്നെ തീരുമാനം എടുക്കും. കേരളത്തിൽ നിന്നും കശ്മീരിൽ നിന്നും വരുന്നവർക്ക് ഒരേ ഭരണ ഘടനയാണെന്നും ആനി രാജ പറഞ്ഞു.

നാളെ തുടങ്ങുന്ന പ്രതിനിധി സമ്മേളനത്തിലെ ചർച്ചകൾ ഈ വിഷയത്തിലേക്ക് വഴി തിരിയാനാണ് സാദ്ധ്യത. മാറില്ലെന്ന നിലപാടിൽ രാജ ഉറച്ചു നിന്നാൽ അത് തർക്കങ്ങൾക്ക് വഴിവെയ്ക്കും. കേരളത്തിൽ നിന്നും ദേശീയ സെക്രട്ടറിയേറ്റിലേക്ക് പി സന്തോഷ് കുമാറിന്‍റെയും കെ പ്രകാശ് ബാബുവിനെയ്യും പേരുകൾ ആണ് ചർച്ചയിൽ. ദേശീയ നിർവാഹക സമിതിയിലേക്ക് കെ രാജൻ, പിപി സുനീർ എന്നിവരുടെയും പേരുകൾ പരിഗണനയിലുണ്ട്.

Advertisement