എസ്‌ഐപി നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ തീയതി ഏതാണ് എന്നത് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു ചോദ്യമാണ്. മാസത്തിലെ ഏതെങ്കിലും ഒരു പ്രത്യേക ദിവസം എസ്‌ഐപി ചെയ്യുന്നത് ഉയർന്ന വരുമാനം നൽകുമോ? വിപണിയുടെ ചാഞ്ചാട്ടം കാരണം, കുറഞ്ഞ നെറ്റ് അസറ്റ് വാല്യൂ ഉള്ള ദിവസം നിക്ഷേപിച്ചാൽ കൂടുതൽ യൂണിറ്റുകൾ ലഭിക്കുമെന്നും, അതുവഴി ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാമെന്നുമാണ് പലരുടെയും ധാരണ.
എന്നാൽ, എസ്‌ഐപി തീയതിയുടെ പ്രാധാന്യം വളരെ കുറവാണെന്നാണ് ഈ വിഷയത്തിൽ നടന്ന പഠനങ്ങളെല്ലാം കാണിക്കുന്നത്. കഴിഞ്ഞ 10-15 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, മാസത്തിലെ ഒന്നിനോ പത്തിനോ, 25-നോ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന നേട്ടത്തിലെ വ്യത്യാസം വെറും 0.2-0.3% മാത്രമാണ്. അതായത്, ഏത് ഫണ്ട് തിരഞ്ഞെടുക്കുന്നു, എത്രകാലം നിക്ഷേപിക്കുന്നു എന്നതിനെ അപേക്ഷിച്ച് നോക്കുമ്പോള് എസ്‌ഐപി ചെയ്യുന്ന തീയതി ദീർഘകാലാടിസ്ഥാനത്തിൽ അത്ര പ്രധാനമല്ല.
സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം
എസ്‌ഐപി തീയതി നിക്ഷേപകന് വരുമാനം ലഭിക്കുന്ന ദിവസത്തിനനുസരിച്ച് തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നാണ് വിദഗ്ധർ പറയുന്നത്. ഉദാഹരണത്തിന്, ശമ്പളക്കാർക്ക് ശമ്പളം കിട്ടുന്ന ഉടൻ, അതായത് മാസത്തിലെ ഒന്ന്, അഞ്ച്, അല്ലെങ്കിൽ ഏഴ് തീയതികളിൽ നിക്ഷേപിക്കാം. ഇത് സാമ്പത്തിക അച്ചടക്കം വളർത്താൻ സഹായിക്കും. അതോടെ പേയ്‌മെന്റ് മുടങ്ങാനുള്ള സാധ്യതയും കുറയും. ഹ്രസ്വകാലത്തെ വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കാൻ വേണ്ടി സിപ് നിക്ഷേപം മാസത്തിലെ രണ്ടോ മൂന്നോ തീയതികളിലായി വിഭജിക്കാവുന്നതാണ് എന്നാണ്. ഉദാഹരണത്തിന്, 9,000 രൂപയാണ് പ്രതിമാസം നിക്ഷേപിക്കുന്നതെങ്കിൽ, 3,000 രൂപ വീതം അഞ്ച്, 15, 25 തീയതികളിലായി നിക്ഷേപിക്കാം. ഇതിലൂടെ വിവിധ എൻഎവിയിൽ നിക്ഷേപിക്കാൻ സാധിക്കും.
അച്ചടക്കമാണ് പ്രധാനം
എസ്‌ഐപി തീയതിക്ക് കാര്യമായ പ്രാധാന്യമില്ലെങ്കിലും, സൗകര്യപ്രദമായ ഒരു തീയതി തിരഞ്ഞെടുക്കുന്നത് നിക്ഷേപകന് മാനസികമായും ഏറെ ഗുണം ചെയ്യും. മോശം സിപ് തീയതി കാരണം നിക്ഷേപകർക്ക് പണം നഷ്ടമാകാറില്ല. മറിച്ച്, വിപണിയിലെ ഇടിവ് കാരണം പലരും നിക്ഷേപം മുടക്കുകയോ നിർത്തുകയോ ചെയ്യുമ്പോഴാണ് നഷ്ടമുണ്ടാകുന്നത്. ശമ്പളം ലഭിക്കുന്ന തീയതിയുമായി ബന്ധിപ്പിച്ച ഒരു നിശ്ചിത തീയതി തിരഞ്ഞെടുക്കുന്നത് ഒരു ബില്ലോ ഇഎംഐയോ അടയ്ക്കുന്നതുപോലെ നിക്ഷേപത്തെ ഒരു ശീലമാക്കി മാറ്റാൻ സഹായിക്കുന്നു. തിരഞ്ഞെടുക്കുന്ന ഫണ്ട്, ഫണ്ട് മാനേജറുടെ കഴിവ്, നിക്ഷേപം എത്രകാലം തുടരുന്നു എന്നിവയാണ് നിങ്ങളുടെ ദീർഘകാല വളർച്ചയിൽ വലിയ മാറ്റമുണ്ടാക്കുക. എത്രത്തോളം കാലം നിക്ഷേപകനായി തുടരുന്നുവോ അത്രത്തോളം പണം കൂടും.
ഉദാഹരണത്തിന്, ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ പ്രതിമാസം 10,000 രൂപ വീതം 20 വർഷം നിക്ഷേപിച്ചാൽ, ശരാശരി 12% വരുമാനം കണക്കാക്കിയാൽ അത് ഏകദേശം 98 ലക്ഷം രൂപയായി വളരും. മറ്റൊരു സിപ് തീയതിക്ക് 0.2% അധിക വരുമാനം നൽകാൻ കഴിഞ്ഞാൽ പോലും, ആ അധിക നേട്ടം ഏതാനും ആയിരം രൂപ മാത്രമായിരിക്കും. ഇത് കൃത്യമായി നിക്ഷേപം തുടരുന്നതിന്റെ പ്രാധാന്യവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ തുകയാണ്.



































