ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ മുരിദ്കെയിലുള്ള ലഷ്കർ-ഇ-തൊയ്ബ ആസ്ഥാനത്തിന് കനത്ത പ്രഹരമേറ്റെന്ന് വെളിപ്പെടുത്തി ലഷ്കര്‍-ഇ-തൊയ്ബ ഉന്നത കമാൻഡർ. മുരിദ്കെയിലെ തകർന്ന മർകസ്-ഇ-തൊയ്ബ ക്യാമ്പിന്റെ അവശിഷ്ടങ്ങൾക്ക് സമീപത്ത് ലഷ്കർ കമാൻഡർ ഖാസിം നിൽക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.
മെയ് 7 ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ജെയ്‌ഷെ-ഇ-മൊഹമ്മദിന്റെ ബഹവൽപൂർ ബേസിൽ സമാനമായ നാശനഷ്ടങ്ങൾ സൃഷ്ടിച്ചെന്നും ജെയ്ഷെ തലവൻ മസൂദ് അസറിന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്തെന്നും ജെയ്‌ഷെ-ഇ-മുഹമ്മദ് കമാൻഡർ ഇല്യാസ് കശ്മീരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാനെ വീണ്ടും പ്രതിരോധത്തിലാക്കി കൊണ്ട് മറ്റൊരു ഭീകരന്റെ വീഡിയോയും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
‘ഞാൻ മുരിദ്കെയിലെ മർകസ് തൊയ്ബയ്ക്ക് മുന്നിലാണ് നിൽക്കുന്നത്…ആക്രമണത്തിൽ ഇത് നശിപ്പിക്കപ്പെട്ടു. ഞങ്ങൾ ഇത് പുനർനിർമ്മിക്കുകയും കൂടുതൽ വലുതാക്കുകയും ചെയ്യും…ഇവിടെ നിന്നാണ് മുജാഹിദീനിലെ വലിയ പലയാളുകളും പരിശീലനം നേടുകയും ഫൈസ് [വിജയം] നേടുകയും ചെയ്തത്’. ലഷ്കർ കമാൻഡർ പറഞ്ഞു. മറ്റൊരു വീഡിയോയിൽ, ഇയാൾ തന്നെ ‘ജിഹാദി തയ്യാറെടുപ്പിന്റെ’ ഭാഗമായുള്ള പോരാട്ട പരിശീലനവും മത പ്രബോധനവും സംയോജിപ്പിക്കുന്ന ഒരു ഭീകര പരിശീലന കോഴ്‌സായ മുരിദ്‌കെ ക്യാമ്പിലെ ദൗറ-ഇ-സുഫ പ്രോഗ്രാമിൽ ചേരാൻ യുവാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മുരിദ്കെയിലെ മർകസ്-ഇ-തൊയ്ബ ഭീകരക്യാമ്പ് നശിപ്പിച്ചതായി ലഷ്കർ ഭീകരൻ തന്നെ സ്ഥിരീകരിച്ചതോടെ പാകിസ്ഥാന്റെ യഥാര്‍ത്ഥ മുഖം ഒരിക്കൽ കൂടി അന്താരാഷ്ട്ര തലത്തിൽ തുറന്നുകാണിക്കപ്പെട്ടിരിക്കുകയാണ്.
അതേസമയം, 2000-ൽ സ്ഥാപിതമായ മർകസ് തൊയ്ബ പാകിസ്ഥാനിൽ ലഷ്കർ-ഇ-തൊയ്ബയുടെ പ്രധാനപ്പെട്ട പരിശീലന കേന്ദ്രമാണ്. 26/11 മുംബൈ ആക്രമണത്തിന് ഉത്തരവാദിയായ ഹാഫിസ് സയീദിന്റെ നേതൃത്വത്തിൽ തകർന്ന മർകസ്-ഇ-തൊയ്ബ ക്യാമ്പ് പുനർനിർമ്മിക്കുന്നതിനായി വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ മറവിൽ ലഷ്‌കർ ഫണ്ട്‌റൈസിംഗ് കാമ്പെയ്‌നുകൾ ആരംഭിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാകിസ്ഥാൻ നാല് കോടി പാകിസ്ഥാൻ റിയാൽ അനുവദിച്ചിട്ടുണ്ടെങ്കിലും പുനർനിർമ്മാണത്തിന് 15 കോടിയിലധികം ചെലവ് വരുമെന്നാണ് ഭീകര സംഘടന കണക്കുകൂട്ടുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2026 ഫെബ്രുവരിയിൽ പുനർനിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമമെന്നാണ് സൂചന. മുതിർന്ന കമാൻഡർമാരായ മൗലാന അബു സറും യൂനുസ് ഷാ ബുഖാരിയുമാണ് ഈ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. 2005ലെ ഭൂകമ്പത്തിനുശേഷം തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ലഷ്കർ ഇ തൊയ്ബ പലപ്പോഴും മാനുഷിക സഹായങ്ങളെ വകമാറ്റി ഉപയോഗിക്കുന്നതായി മുൻകാല റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
































