ന്യൂഡൽഹി: പാകിസ്ഥാനിലും ബംഗ്ലാദേശിലും നേപ്പാളിലും സന്ദർശനം നടത്തിയപ്പോൾ തനിക്ക് സ്വന്തം നാട്ടിൽ തോന്നുന്നതുപോലെ തോന്നിയെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി സാം പിട്രോഡ. ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിദേശ നയത്തിൽ ആദ്യം നമ്മുടെ അയൽപക്കത്ത് ശ്രദ്ധ കേന്ദ്രീകരിക്കണണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പിട്രോഡ ഇക്കാര്യം പറഞ്ഞത്.
എന്റെ അഭിപ്രായത്തിൽ നമ്മുടെ വിദേശനയം ആദ്യം നമ്മുടെ അയൽപക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ അയൽക്കാരുമായുള്ള ബന്ധം ഗണ്യമായി മെച്ചപ്പെടുത്താൻ നമുക്ക് കഴിയുമോ. ഞാൻ പാകിസ്ഥാനിലും ബംഗ്ലാദേശിലും നേപ്പാളിലും പോയിട്ടുണ്ട്. അപ്പോൾ എനിക്ക് സ്വന്തം നാട്ടിൽ എത്തിയ പോലെ തോന്നിയിട്ടുണ്ട്. ഒരു വിദേശ രാജ്യത്താണെന്ന് എനിക്ക് തോന്നിയതേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പിത്രോഡയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തും നേതാവും കുടുംബ സുഹൃത്തുമായ അമ്മാവൻ സാം പിട്രോഡ, സിഖ് വിരുദ്ധ വംശഹത്യയ്ക്ക് ഹുവാ എന്ന് വിളിച്ചയാൾ, ഇന്ത്യക്കാർക്കെതിരെ വംശീയമായി വെറുപ്പുളവാക്കുന്ന പരാമർശങ്ങൾ നടത്തിയയാൾ, പാകിസ്ഥാനിൽ തനിക്ക് സ്വന്തം നാട്ടിൽ തോന്നുന്നുവെന്ന് പറയുന്നു. ഇതിൽ അതിശയിക്കാനുള്ളത് എന്താണ്. കോൺഗ്രസിന് പാകിസ്ഥാനോട് അനന്തമായ സ്നേഹമുണ്ട്. അവർ യാസിൻ മാലിക് വഴി ഹാഫിസ് സയീദുമായി പോലും സംസാരിച്ചുവെന്ന് ബിജെപി വക്താവ് വിമർശിച്ചു. ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പിത്രോഡയുടെ പാകിസ്ഥാൻ പരാമർശ അനുചിതമാണെന്ന് പലരും വിമർശിച്ചു.
പിട്രോഡ കോൺഗ്രസിനെ നശിപ്പിക്കുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധൻ തെഹ്‌സീൻ പൂനവല്ല പറഞ്ഞു. പിട്രോഡയുടെ പ്രസ്താവന പ്രതിപക്ഷത്തെയും കോൺഗ്രസിനെയും ദശലക്ഷക്കണക്കിന് പ്രവർത്തകരെയും വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ, ചൈന ശത്രുവാണെന്ന് കരുതുന്നത് നിർത്തണമെന്ന എന്ന പിട്രോഡയുടെ പരാമർശം കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു.





































