മകൾ കുളിക്കുന്ന വീഡിയോ പകർത്തി ബ്ലാക്​മെയിലിങ്; 18കാരനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി കത്തിച്ച് പിതാവ്

Advertisement

ആഗ്ര: മകള്‍ കുളിക്കുന്ന വീഡിയോ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ യുവാവിനെ പിതാവ് കൊലപ്പെടുത്തി. ആഗ്രയിലാണ് സംഭവം. വെഡ്ഡിങ് ഫോട്ടോഗ്രാഫറായിരുന്ന രാകേഷ് സിങ് (18) ആണ് കൊല്ലപ്പെട്ടത്. ദേവിറാം(45) എന്നയാളാണ് രാകേഷിനെ കൊലപ്പെടുത്തിയത്. 18 മാസത്തെ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറംലോകം അറിയുന്നത്. രാകേഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം വീപ്പയിലാക്കി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

മകള്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് രാകേഷ് സിങിനെ ദേവിറാം കടയിലേക്ക് വിളിച്ചുവരുത്തിയതെന്നും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ബന്ധുവിന്റെ സഹായത്തോടെ മൃതദേഹം ഒരു പ്ലാസ്റ്റിക് ഡ്രമ്മില്‍ നിറച്ചു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ദേവിറാം രാകേഷിന്റെ മോട്ടോര്‍ സൈക്കിള്‍ ഖാരി നദിയില്‍ ഉപേക്ഷിച്ചതായും പൊലീസ് വ്യക്തമാക്കി. മൊബൈല്‍ ഫോണും പുഴയിലെറിഞ്ഞു.

2024 ഫെബ്രുവരി 15-ന് ആഗ്രയിലെ കബൂല്‍പൂര്‍ ഗ്രാമത്തില്‍ നിന്ന് രാകേഷിനെ കാണാതായതായി പരാതി ലഭിച്ചിരുന്നു. 18-ാം തീയതി ആഗ്രയില്‍നിന്നും പാതി കത്തിക്കരിഞ്ഞ നിലയില്‍ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. എന്നാല്‍ രാകേഷിന്റെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല.

മകന്റെ കൈവശം ഒരു പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ഉണ്ടായിരുന്നുവെന്നും ഇതേ ചൊല്ലി തര്‍ക്കമുണ്ടായിട്ടുണ്ടെന്നും ഇതിന് പിന്നാലെയാണ് തിരോധാനമെന്നും രാകേഷിന്റെ പിതാവായ ലാല്‍സിങ് പൊലീസില്‍ അറിയിച്ചു. കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും നല്‍കി. ഇതിനിടെ പ്രതിയായ ദേവിറാം ലാല്‍സിങിനെ കാണാനെത്തുകയും രണ്ട് ലക്ഷം രൂപ കൈമാറുകയും ചെയ്തു. കേസ് ലാല്‍സിങ് ഇതോടെ അവസാനിപ്പിച്ചെങ്കിലും പൊലീസ് അന്വേഷണം തുടര്‍ന്നു. ഇതിനിടെ മൃതദേഹത്തില്‍ നിന്നെടുത്ത ഡിഎന്‍എ രാകേഷ് സിങിന്റെ അമ്മയുടേതുമായി യോജിച്ചെന്ന് പരിശോധനാഫലം പുറത്തു വന്നു. ഇതോടെയാണ് ദേവിറാമിലേക്ക് അന്വേഷണം വീണ്ടുമെത്തിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ദേവിറാം കുറ്റം സമ്മതിക്കുകയായിരുന്നു.

Advertisement