ട്രെയിനിലെ യാത്ര തന്നെ ടിക്കറ്റെടുക്കാതെ; കള്ളവണ്ടി കയറിയിട്ടും ടിടിഇയോടും കൂസലില്ലാതെ യുവതിയുടെ ഷോ! വൈറലായി വീഡിയോ, പ്രതികരിച്ച് റെയിൽവേ

Advertisement

ന്യൂഡൽഹി: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ടിടിഇയുമായി തർക്കിക്കുകയും ചെയ്ത യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്ന് ആരോപിക്കപ്പെടുന്ന യുവതി, ടിക്കറ്റ് ചോദിച്ച ഉദ്യോഗസ്ഥനോട് കയർത്ത് സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്.

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ‘അന്ധേ ഹോ ക്യാ’ (നിങ്ങൾക്ക് കണ്ണുകാണില്ലേ?) എന്ന് ചോദിച്ച് യുവതി തട്ടിക്കയറുകയും ജീവനക്കാരൻ തന്നോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് സംഭാഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, മറ്റ് യാത്രക്കാർ ജീവനക്കാരന് പിന്തുണ നൽകി. ശബ്ദം കുറച്ച് സംസാരിക്കാനും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും യാത്രക്കാർ യുവതിയോട് ആവശ്യപ്പെട്ടു. ‘ആരോടും എന്തും പറയാനും ചെയ്യാനും കഴിയില്ല, സ്ത്രീകളുടെ അവകാശങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന് വരെ സഹയാത്രികര്‍ പറഞ്ഞു. ഇക്കാര്യങ്ങൾ യാത്രക്കാർ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.

വീഡിയോയുടെ അവസാനം യുവതി ജീവനക്കാരനെ അടിക്കാൻ ശ്രമിക്കുന്നത് കാണാം. ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും റെയിൽവേ ജീവനക്കാരനോട് മോശമായി പെരുമാറുകയും ചെയ്യുന്നു. ‘നിങ്ങൾ ജയിലിൽ പോകും’ എന്നും ജീവനക്കാരൻ യുവതിയോട് പറഞ്ഞു. മറ്റൊരു എക്സ് ഉപഭോക്താവാണ് വീഡിയോ പങ്കുവെച്ചത്. ‘ആദ്യം, അവർ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്യുന്നത്. രണ്ടാമതായി, ഈ മനോഭാവത്തോടെയാണ് പെരുമാറുന്നത്. അവർക്ക് ഒന്നും സംഭവിക്കില്ലെന്ന് അവർക്കറിയാം. സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. എന്ത് നടപടി സ്വീകരിക്കും?’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. അതേസമയം, വീഡിയോ വൈറലായതിനെ തുടർന്ന്, റെയിൽവേ സേവ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രതികരിക്കുകയും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.

Advertisement