ആഗോള അയ്യപ്പ സംഗമം ഒരുക്കം തകൃതി , സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കിയേക്കും

Advertisement

ന്യൂഡെല്‍ഹി.ആഗോള അയ്യപ്പ സംഗമത്തിന് സര്‍ക്കാരും ബോര്‍ഡും ത്വരിതഗതിയില്‍ തയ്യാറെടുക്കുമ്പോള്‍ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും.
ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സംഗമം രാഷ്ട്രീയ
ലക്ഷ്യത്തോടെ ആണെന്നും, പരിപാടി നടത്തുന്നതിൽ നിന്ന് സർക്കാരിനെയും,ദേവസ്വം ബോർഡിനെയും തടയണമെന്നാണ് ആവശ്യം. തിരുവനന്തപുരം സ്വദേശി ഡോ മഹേന്ദ്ര കുമാറാണ് ഹർജി നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡും തടസ്സ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. പ്രമുഖ അഭിഭാഷകൻ വി ഗിരിയാണ് ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകുന്നത്. സമാന ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലായി. പതിനെട്ടാം തീയതി പണിപൂർത്തീകരിച്ചു പ്രധാന വേദി ദേവസ്വം ബോർഡിന് കൈമാറും. 3000ത്തിൽ അധികം പേരെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കോട്ടയം പത്തനംതിട്ട ആലപ്പുഴ ജില്ലകളിലാണ് അതിഥികൾക്ക് താമസസൗകര്യം ക്രമീകരിച്ചിരിക്കുന്നത്. 19 ന് വൈകിട്ട് മുതൽ സംഗമത്തിന്റെ ഭാഗമാകുന്നവർ പമ്പയിൽ എത്തി തുടങ്ങും. നാളെയോടെ പമ്പയിലെ സുരക്ഷ പോലീസ് വർദ്ധിപ്പിക്കും. കൂടുതൽ പോലീസുകാരെ ഡ്യൂട്ടിക്ക് വിനിയോഗിക്കാൻ ഇതിനകം തീരുമാനമായിട്ടുണ്ട്. വിവിധ വകുപ്പുകളുടെ മുതിർന്ന ഉദ്യോഗസ്ഥർ ഇതിനോടകം തന്നെ പമ്പയിൽ ക്യാമ്പ് ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. 18ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പമ്പയിൽ വാർത്താ സമ്മേളനം വിളിച്ച് അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് വിവരം.

Advertisement